
ആപ്പിളിന്റെ ഇന്ത്യൻ വിതരണക്കാർ ചൈനയിലേക്ക് കയറ്റി അയച്ചത് ഐഫോൺ അടക്കമുള്ളവയുടെ 2.5 ബില്യൺ (250 കോടി) ഡോളർ മൂല്യമുള്ള ഘടകങ്ങൾ. മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടേയും ഭാഗങ്ങൾ ചൈനീസ് കമ്പനികളിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പഴയ രീതിയിൽ നിന്നുള്ള വലിയ മാറ്റം വ്യക്തമാക്കുന്നതാണ് ഇതുസംബന്ധിച്ച കണക്കുകൾ.
2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതി 3.5 ബില്യൺ (350 കോടി) ഡോളറിലെത്താം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരിയോടെ തന്നെ കയറ്റുമതി 2.8 ബില്യൺ ഡോളറിൽ എത്തിക്കഴിഞ്ഞു.
2025 സാമ്പത്തിക വർഷത്തെ ഏകദേശം 920 മില്യൺ (92 കോടി) ഡോളറിൽ നിന്ന് കുത്തനെയുണ്ടായ വർധനയാണിത്. അതിനും മുമ്പുള്ള വർഷങ്ങളിൽ കയറ്റുമതി നിസാരമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.
ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള പെഗാട്രോൺ ടെക്‌നോളജി ഇന്ത്യ, മോത്തർസൺ, സൽക്കോമ്പ്, ട്രിൽ ബാംഗ്ലൂർ, യൂസാൻ ടെക്‌നോളജി എന്നിവയുൾപ്പെടെ നിരവധി ആപ്പിൾ വിതരണക്കാരാണ് ചൈനയിലേക്ക് ഇത്രയധികം ഘടകങ്ങൾ കയറ്റുമതി ചെയ്തത്.
കയറ്റി അയച്ച ഘടകങ്ങളിൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലികൾ, മെക്കാനിക്കൽ ഭാഗങ്ങൾ, കാസിങ്ങുകൾ, ഫ്‌ളെക്‌സിബിൾ പിസിബിഎകൾ, വോളിയം, പവർ എന്നിവ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കണ്ടക്റ്റീവ് ഗ്രാഫൈറ്റ് ബട്ടണുകൾ എന്നിവ ഉൾപ്പെടുന്നു.
മൊബൈൽ ഫോണുകൾക്ക് പുറമെയുള്ള മറ്റ് മേഖലകളിൽ നിന്നുള്ള ഡാറ്റ ലഭ്യമാകുമ്പോൾ ചൈനയിലേക്കുള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 18 ബില്യൺ (1800 കോടി) ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്മാർട്ട്‌ഫോൺ നിർമ്മാണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ പ്രോത്സാഹന പദ്ധതിയും ഇലക്ട്രോണിക്‌സ് ഘടക നിർമ്മാണ പദ്ധതിയും ഇന്ത്യയിൽ ശക്തമായ വിതരണ ശൃംഖല വികസിപ്പിക്കാൻ ആപ്പിളിന് പ്രേരണ നൽകിയതായി വിദഗ്ധർ വിലയിരുത്തുന്നു.
2021-ൽ ആപ്പിൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഐഫോൺ ഉത്പാദനം മാറ്റാൻ തുടങ്ങിയെങ്കിലും ഇത്തരത്തിലുള്ള നേട്ടമുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
സ്മാർട്ട്‌ഫോൺ നിർമ്മാണവുമായി ബന്ധപ്പെട്ട അഞ്ചു വർഷത്തെ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ആപ്പിൾ ഇന്ത്യയിൽ 70 ബില്യൺ (7000 കോടി) ഡോളറിന്റെ ഐഫോണുകളാണ് നിർമ്മിച്ചത്. ഇതിൽ 73 ശതമാനവും കയറ്റുമതിയായിരുന്നു. ഭൂരിഭാഗവും അമേരിക്കയിലേക്ക് ഉള്ളതായിരുന്നു.
ഇത് ഐഫോണുകളെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതി ഇനമാക്കി മാറ്റിയിരുന്നു.






