
ന്യൂഡല്‍ഹി: മൈക്രോഫിനാന്‍സ് വ്യവസായം ഡിസംബര്‍ പാദത്തില്‍ ലോണ്‍ ബുക്കില്‍ 25.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പടുത്തി. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ നെറ്റ്വര്‍ക്ക് (എംഎഫ്‌ഐഎന്‍) സമാഹരിച്ച ഡാറ്റ കാണിക്കുന്നു. മൊത്ത വായ്പാ പോര്‍ട്ട്ഫോളിയോ മുന്‍വര്‍ഷത്തെ 2.56 ലക്ഷം കോടി രൂപയില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 3.2 ലക്ഷം കോടി രൂപയായി വളര്‍ന്നു.
കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ചെറിയ വായ്പകള്‍ നല്‍കുന്ന കമ്പനികളാണ് എംഎഫ്‌ഐകള്‍. മൈക്രോലെന്‍ഡര്‍മാര്‍, പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ ഫണ്ടിംഗ് വെല്ലുവിളി അഭിമുഖീകരിച്ചു. ആ കാലത്ത് വായ്പ തിരിച്ചുപിടുത്തം കുറഞ്ഞെങ്കിലും പിന്നീട് കളക്ഷന്‍ ഉയര്‍ന്നു.
മൊത്തം ലോണ്‍ പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 39 ശതമാനം അല്ലെങ്കില്‍ 1,23,386 കോടി രൂപ എന്‍ബിഎഫ്സി-എംഎഫ്ഐകളുടേതാണ്. 1,14,546 കോടി രൂപ അല്ലെങ്കില്‍ മൊത്തം മൈക്രോ ക്രെഡിറ്റിന്റെ 35.7 ശതമാനം ബാങ്കുകളുടെ മൈക്രോ ക്രെഡിറ്റ് വായ്പകളും 16.3 ശതമാനം അഥവാ 52,192 കോടി രൂപ എസ്എഫ്ബി വായ്പകളുടേതുമാണ്. എന്‍ബിഎഫ്‌സികളുടേത് 8.5 ശതമാനവും എംഎഫ്‌ഐകളുടേത് ഒരു ശതമാനവും വരും.
മൈക്രോഫിനാന്‍സ് ആക്റ്റീവ് ലോണ്‍ അക്കൗണ്ടുകള്‍ ഡിസംബറിലവസാനിച്ച 12 മാസത്തിനിടെ 18.6 ശതമാനം ഉയര്‍ന്ന് 12.6 കോടിയായി. പ്രാദേശിക വിതരണത്തിന്റെ അടിസ്ഥാനത്തില്‍, പോര്‍ട്ട്ഫോളിയോയുടെ 63 ശതമാനവും ഈസ്റ്റ് & നോര്‍ത്ത് ഈസ്റ്റ്, സൗത്ത് മേഖലകളിലാണ്. പോര്‍ട്ട്ഫോളിയോ കുടിശ്ശികയുടെ കാര്യത്തില്‍ ബിഹാറാണ് മുന്നില്‍.
തമിഴ് നാടും പശ്ചിമബംഗാളും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നു.