
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) പരിശീലിപ്പിക്കുന്നതിനായി ജീവനക്കാരുടെ മൗസ് ഉപയോഗവും കീപാഡ് ഉപയോഗവും ട്രാക്ക് ചെയ്യുമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് മെറ്റ പ്രഖ്യാപിച്ചത്. ദൈനംദിന ജോലിയിൽ സഹായകമായ എഐ ഏജന്റുകൾ വികസിപ്പിക്കുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളായിരുന്നു ഈ നീക്കത്തിന് പിന്നിൽ.
എന്നാൽ ജീവനക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതുകൊണ്ട് ചില ജീവനക്കാർ ഇതിനെ എതിർത്തു. ഇതേ തുടർന്ന് ഈ നീക്കം പരിശോധനയ്ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ മൗസ് ചലനങ്ങൾ നിരീക്ഷിക്കുന്ന രീതി കമ്പനി കുറച്ചുകൊണ്ടുവരുന്നതായാണ് റിപ്പോർട്ട്; കൂടാതെ ഇതിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവസരവും നൽകുന്നുണ്ട്.
ട്രാക്കിങ്ങിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതവരുത്തി മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് ലാബ് വൈസ് പ്രസിഡന്റ് സ്റ്റെഫനി കാസ്രിയേൽ ജീവനക്കാർക്ക് സന്ദേശം അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. ഒരുതവണ 30 മിനിറ്റ് നേരം വരെ വിവരശേഖരണം നിർത്തിവെക്കാൻ ജീവനക്കാർക്ക് സൗകര്യം ലഭിക്കും. ചിലപ്പോൾ ചിലർക്ക് ട്രാക്കിങ് പൂർണമായി നിർത്തിവെക്കാനും അവസരം ലഭിച്ചേക്കും.
ഈ സംവിധാനത്തിലെ സ്വകാര്യതാ സംരക്ഷണ സംവിധാനങ്ങളിൽ പൂർണവിശ്വാസമുണ്ടെന്ന് സ്റ്റെഫനി കാസ്രിയേൽ എങ്കിലും ജോലിക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ വ്യക്തിഗത വിവരങ്ങൾ ബാറ്ററി ലൈഫ് ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നതിലെ ജീവനക്കാരുടെ ആശങ്കകളും അതിൽ കൂടുതൽ നിയന്ത്രണം വേണമെന്നും മനസിലാക്കുന്നുവെന്നും അവർ പറഞ്ഞു.
ആശങ്കയായി തൊഴിൽനഷ്ടം
ട്രാക്കിങ് സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട് ജീവനക്കാർ തൃപ്തരല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. ഇതിനുപുറമെ, ആഗോളതലത്തിൽ 8,000 തൊഴിലാളികളെ ബാധിക്കുന്ന പിരിച്ചുവിടൽ കമ്പനി പ്രഖ്യാപിച്ചതും മെറ്റയ്ക്കുള്ളിലെ ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ജീവനക്കാരെ ട്രാക്ക് ചെയ്ത് എഐ ഏജന്റുകളെ പരിശീലിപ്പിക്കുന്നതോടെ ഭാവിയിൽ ആ ജോലികൾ എഐ ഏജന്റുകൾ ഏറ്റെടുക്കുന്നതിലേക്കും തൊഴിൽ നഷ്ടത്തിലേക്കും നയിക്കുമെന്ന ആശങ്കയും ശക്തമാണ്.
എന്താണ് മെറ്റയുടെ ട്രാക്കിങ് സോഫ്റ്റ്‌വേർ?
മോഡൽ കാപ്പബിലിറ്റി ഇനിഷ്യേറ്റീവ് (എംസിഐ) എന്നാണ് ഈ സംവിധാനം കമ്പനിക്കുള്ളിൽ അറിയപ്പെടുന്നത്. ജോലികളിലെ ഓട്ടോമേഷൻ സാധ്യമാക്കുന്ന എഐ ഏജന്റുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
അതിനായി മനുഷ്യരുടെ മൗസ് ഉപയോഗവും കീബോർഡ് ഉപയോഗവും സംബന്ധിച്ച ഡാറ്റ ശേഖരിക്കുകയും അത് ഉപയോഗിച്ച് എഐയെ പരിശീലിപ്പിക്കുകയും ചെയ്യും. ഇതിന്റെ പേരിൽ മെറ്റയെ ‘എംപ്ലോയീ ഡാറ്റാ എക്‌സ്ട്രാക്ഷൻ ഫാക്ടറി’ എന്ന് ജീവനക്കാർ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഈ സംവിധാനം ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിൽ സ്വകാര്യത പ്രശ്‌നങ്ങൾ മാത്രമല്ല. തങ്ങളുടെ കംപ്യൂട്ടറുകൾ അമിതമായി ബാറ്ററി ഉപയോഗിക്കുന്നുവെന്നും വീട്ടിലെ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നുവെന്നും ജീവനക്കാർ പരാതിപ്പെടുന്നു. എന്നാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സാങ്കേതിക മാറ്റങ്ങൾ കമ്പനി തയ്യാറാക്കിയിട്ടുണ്ടെന്ന് സ്റ്റെഫനി പറഞ്ഞു.
പുതിയ തീരുമാനം അനുസരിച്ച് തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ട്രാക്കിങ് പൂർണമായി വേണ്ടെന്ന് വെക്കാനാവുക. റിമോട്ട് ജോലികൾ ചെയ്യുന്നവർ ആണ് അതിലൊന്ന്. കണക്ടിവിറ്റി അധിഷ്ഠിത പ്രശ്‌നങ്ങൾ നേരിടുന്നതിലാണിത്. ഇത് കൂടാതെ സെൻസിറ്റീവ് ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരെയും ലാപ്ടോപ്പുകൾ സ്ഥിരമായി പ്ലഗിൽ കണക്ട് ചെയ്യാൻ സാധിക്കാത്ത ഇടങ്ങളിൽ ജോലി ചെയ്യുന്നവരേയും ഒഴിവാക്കിയിട്ടുണ്ട്.
യുഎസിലെ മറ്റ് ജീവനക്കാരെല്ലാം തുടർന്നും എംസിഐയിൽ ഉൾപ്പെടും. മറ്റ് രാജ്യങ്ങളിലെ ജീവനക്കാർ ഇതുവരെ എംസിഐയ്ക്ക് താല്പര്യം അറിയിച്ചിട്ടില്ല.






