റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്ക്ക് കൈമാറി കൊച്ചി കപ്പൽശാല

കൊച്ചി: അത്യാധുനിക സാങ്കേതിക മികവോടെ കൊച്ചി കപ്പൽശാലയിൽ നിർമിച്ച ‘എം എസ് മരിയ’ എന്ന മൾട്ടി പർപ്പസ് വെസ്സൽ, ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച് എസ് ഷിഫ്ഫാർട്ട്സ് യു ജി (haftungsbeschränkt) ആൻഡ് കമ്പനിക്ക് കൈമാറി.

കമ്പനിക്കുവേണ്ടി നിർമിക്കുന്ന എട്ട് എച്ച്എസ് ഇക്കോഫ്രീറ്റർ മൾട്ടി പർപ്പസ് കപ്പലുകളിൽ രണ്ടാമത്തേതാണ് എം എസ് മരിയ. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഡോ. എസ് ഹരികൃഷ്ണൻ, എച്ച് എസ് ഷിഫ്ഫാർട്ട്സ് യു ജി ആൻഡ് കമ്പനി ഡയറക്ടർ ഹെയ്ൻസ് ജോസെഫ് ഷെപേഴ്‌സ് എന്നിവർ ഇതുസംബന്ധിച്ച രേഖകളിൽ ഒപ്പുവെച്ചു.

നെതർലന്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂട്ട് ഷിപ്പ് ഡിസൈൻ എന്ന എഞ്ചിനീയറിംഗ് കമ്പനി രൂപകൽപ്പന ചെയ്ത കപ്പലിന്റെ നിർമാണ പ്രവർത്തനങ്ങളാണ് കൊച്ചി കപ്പൽശാലയിൽ നടത്തിയത്.

അന്താരാഷ്ട്ര വ്യാപാരം, ചരക്കുനീക്കം എന്നിവക്കായി പ്രത്യേകം നിർമിച്ച കപ്പലിന് 7000 മെട്രിക് ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. കൂറ്റൻ യന്ത്രഭാഗങ്ങൾ, സ്റ്റീൽ, കണ്ടെയ്നറുകൾ, തടി, കടലാസ്, കൽക്കരി, ധാന്യങ്ങൾ, റിസ്ക് കൂടിയ രാസവസ്തുക്കൾ എന്നിവ ലോകത്തെവിടെയും സുരക്ഷിതമായി എത്തിക്കാമെന്നതാണ് കപ്പലിന്റെ പ്രത്യേകത.

പരമാവധി വേഗം കൈവരിക്കാനും ഉയർന്ന ഇന്ധന ക്ഷമതയ്ക്കുമായി കപ്പലിന്റെ മുൻഭാഗത്ത് ലംബമായി റാക്ക്ഡ് സ്റ്റെം സജ്ജീകരിച്ചിട്ടുണ്ട്. ചരക്കുകൾ സൗകര്യപ്രദമായി സൂക്ഷിക്കാൻ സഹായിക്കുന്ന വലിയ കാർഗോ അറകളും റിഡക്ഷൻ ഗിയര്ബോക്സ് മുഖേന കൺട്രോളബൾ പിച്ച് പ്രൊപ്പല്ലർ ചലിപ്പിക്കാൻ സഹായിക്കുന്ന നാലോളം സ്ട്രോക്ക് ഡീസൽ എഞ്ചിനുകളും കപ്പലിൽ ക്രമീകരിച്ചിട്ടുണ്ട്.

ആഗോള ഷിപ്പിംഗ് റേറ്റിംഗ് ഏജൻസിയായ ഡിഎൻവിയുടെ (DNV) അന്താരാഷ്ട്ര നിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് കപ്പൽ നിർമിച്ചിട്ടുള്ളത്.

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവിധ രാജ്യങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും കപ്പലുകൾ നിർമിച്ചു നൽകാൻ ശേഷിയുള്ള കൊച്ചി കപ്പൽശാലയുടെ ബിസിനസ് യാത്രയിലെ പ്രധാന നാഴികക്കല്ലാണ് എം എസ് മരിയ മൾട്ടി പർപ്പസ് വെസ്സൽ കൈമാറിയതോടെ പൂർത്തിയായതെന്ന് അധികൃതർ അറിയിച്ചു.

X
Top