ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

പുതിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികള്‍

കൊച്ചി: പരമ്പരാഗത പെട്രോളിയം ഉത്പന്ന വിപണനത്തിനപ്പുറം പുതിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു.
ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എല്‍), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്‌.പി.സി.എല്‍) എന്നിവ റിഫൈനറിംഗ്, ഹരിത ഊർജം, ഇ വാഹന ചാർജിംഗ് തുടങ്ങിയ മേഖലകളില്‍ മൂലധനച്ചെലവ് കുത്തനെ വർദ്ധിപ്പിക്കുകയാണ്.

നടപ്പുസാമ്പത്തിക വർഷം 32,700 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനാണ് ഇന്ത്യൻ ഓയില്‍ ഒരുങ്ങുന്നത്. റിഫൈനിംഗ്, പൈപ്പ് ലൈൻ വിപുലീകരണം, ഹരിത ഇന്ധനവും സുസ്ഥിതയും, പെട്രോകെമിക്കല്‍ സംയോജനം എന്നീ മേഖലകള്‍ക്കാണ് ഐ.ഒ.സി ഊന്നല്‍ നല്‍കുന്നത്. നടപ്പുസാമ്പത്തിക വർഷം ബി.പി.സി.എല്‍ 25,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് പദ്ധതിയിടുന്നത്. ഇക്കാലയളവില്‍ എച്ച്‌.പി.സി.എല്‍ 9,700 കോടി രൂപയുടെ നിക്ഷേപം നടത്തും.

എണ്ണയില്‍ നിന്ന് പുതു ഊർജത്തിലേക്ക്
ക്രൂഡോയില്‍ സംസ്‌കരണത്തില്‍ മാത്രം ആശ്രയിച്ചാല്‍ ദീർഘകാല വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കമ്പനികള്‍ തന്ത്രം മാറ്റുന്നത്. റിഫൈനിംഗ് മാർജിൻ, ഇന്ധന ഉപഭോഗം, ക്രൂഡോയില്‍ വില എന്നിവയിലെ ചാഞ്ചാട്ടം പ്രവർത്തനത്തെ ബാധിക്കാതിരിക്കാനും നീക്കം സഹായിക്കും. മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളിലും ഇതിലൂടെ പങ്കാളികളാകും.

ദീർഘകാല തന്ത്രം
നിലവില്‍ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് നേടുന്ന ലാഭം ഉപയോഗിച്ച്‌ നാളെത്തെ ഊർജ വിപണിയില്‍ പൊതുമേഖല കമ്പനികള്‍ക്ക് സ്ഥാനം ഉറപ്പിക്കാൻ നിക്ഷേപം സഹായിക്കും. ഇന്ധന ആവശ്യകതയിലെ ഭാവി മാറ്റങ്ങളും വൈദ്യുതി വാഹനങ്ങളുടെ വളർച്ചയും കണക്കിലെടുത്ത് പരമ്പരാഗത ബിസിനസിനപ്പുറം പുതിയ വരുമാന ശ്രോതസുകള്‍ കണ്ടെത്താനാണ് എണ്ണക്കമ്പനികളുടെ ശ്രമം.

ഇ വാഹന വളർച്ച വെല്ലുവിളി
രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പനയിലെ റെക്കാഡ് വളർച്ചയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് പ്രധാന വെല്ലുവിളി. ജൂലായില്‍ 3.28 ലക്ഷം വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷനുകളാണ് ഇന്ത്യയിലുണ്ടായത്. മുൻവർഷം ഇതേകാലയളവിനേക്കാള്‍ 66 ശതമാനം വർദ്ധന കഴിഞ്ഞ മാസമുണ്ടായി.

മൊത്തം വാഹന വില്‍പ്പനയുടെ 12.7 ശതമാനം വിഹിതം ഇ.വി കയ്യടക്കി. ഇതോടെയാണ് പുതിയ മേഖലകളിലേക്ക് എണ്ണക്കമ്പനികള്‍ പ്രവർത്തനം വിപുലീകരിക്കുന്നത്.

X
Top