
മുംബൈ: രാജ്യത്തെ പ്രധാനപ്പെട്ട ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് കമ്പനിയും ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മുഖ്യ പ്രൊമോട്ടറും ആയ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും എൻ. ചന്ദ്രശേഖരൻ 2027 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുമ്പോൾ ഒഴിയാൻ തീരുമാനിച്ചതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പിനെ ഇനി ആര് നയിക്കുമെന്ന ചോദ്യം ശക്തമാകുന്നു.
ബോംബെ ഹൗസിൽ ഉയർന്നു കേൾക്കുന്ന പ്രമുഖ പേരുകളിൽ ഒന്ന് ടാറ്റ സ്റ്റീൽ ഗ്ലോബൽ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്റേതാണ്. അദ്ദേഹത്തിന്റെ എറണാകുളം ചേന്ദമംഗലത്തുള്ള കുടുംബ വേരുകളും ഈ ഘട്ടത്തിൽ ശ്രദ്ധേയമാകുന്നു.
എന്തുകൊണ്ട് ടി വി നരേന്ദ്രൻ?
നോയൽ ടാറ്റ, സൗരഭ് അഗർവാൾ എന്നിവരുടെ പേരുകൾക്കൊപ്പം ടി.വി. നരേന്ദ്രന്റെ പേരും സജീവമായി പരിഗണിക്കപ്പെടുന്നു. 1988-ൽ ടാറ്റാ സ്റ്റീൽ ജീവനക്കാരനായി ചേർന്ന അദ്ദേഹം, ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും യു.കെയിലെയും നെതർലാൻഡ്സിലെയും പുനഃസംഘടനകളിലൂടെ ടാറ്റ സ്റ്റീലിനെ വിജയകരമായി നയിച്ച പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ്. 2013-ൽ എം.ഡി ആയും 2017-ൽ ഗ്ലോബൽ സി.ഇ.ഒ ആയും ഉയർന്നു.
എയർ ഇന്ത്യയുടെ പുനരുദ്ധാരണം, സെമികണ്ടക്ടർ നിക്ഷേപങ്ങൾ, ടാറ്റ കാപ്പിറ്റലിന്റെ ഭാവി, പ്രധാന ബിസിനസുകളിലെ നഷ്ടം എന്നിവ പരിഹരിക്കാൻ ഒരു വ്യവസായ വിദഗ്ദ്ധൻ (Industrial Operator) എന്ന നിലയിൽ നരേന്ദ്രന്റെ സേവനം ഗ്രൂപ്പിന് പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്നു.
ശ്രദ്ധേയമായ കേരള ബന്ധം
ജംഷെഡ്പൂരിൽ ജനിച്ചു കോയമ്പത്തൂരിൽ വളർന്ന ടി.വി. നരേന്ദ്രന് കേരളവുമായും അഭേദ്യമായ ബന്ധമുണ്ട്. എറണാകുളം ജില്ലയിലെ ചേന്ദമംഗലമാണ് അദ്ദേഹത്തിന്റെ തറവാട്. സ്വതന്ത്ര കൊച്ചിയുടെ പ്രഥമ പ്രധാനമന്ത്രിയും പ്രമുഖ ഗാന്ധിയനുമായിരുന്ന ഇ. ഇക്കണ്ട വാര്യരുടെ പൗത്രനാണ് അദ്ദേഹം.
എൻ.ഐ.ടി (അന്ന് ആർ.ഇ.സി) തിരുച്ചിറപ്പള്ളിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും ഐ.ഐ.എം കൽക്കട്ടയിൽ നിന്ന് എം.ബി.എയും നേടിയ നരേന്ദ്രൻ, ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ പ്രമുഖ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നു വന്ന മലയാളി വ്യക്തിത്വങ്ങളിൽ പ്രധാനിയുമാണ്.






