
അദാനി ഗ്രൂപ്പിന്റെ (Adani Group) ‘കടലാസ് കമ്പനികളിൽ’ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടെന്ന് ആരോപിച്ച് യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ച് (Hindenburg Research) കഴിഞ്ഞ ഓഗസ്റ്റിൽ രംഗത്തെത്തിയത് ഇന്ത്യയിൽ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദനം, സെബി അംഗവും മേധാവിയുമായിരിക്കേ ഭിന്നതാൽപര്യം എന്നിങ്ങനെയും ആരോപണങ്ങൾ ഉയർന്നു. ആരോപണങ്ങൾ നിഷേധിച്ചും ജീവിതം തുറന്ന പുസ്തകമാണെന്ന് വാദിച്ചും മാധബിയും ധവാലും രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (PAC) അന്വേഷണം നടക്കുന്നുണ്ട്. ജീവനക്കാരോട് പരുഷമായാണ് പെരുമാറുന്നതെന്നും ജോലി സമ്മർദം സൃഷ്ടിക്കുകയാണെന്നും മാധബി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ സെബിയിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു.
‘ചെറുകിട’ ഐപിഒയ്ക്കെതിരെ കടുത്ത നിലപാട്
ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) പ്രാരംഭ ഓഹരി വിൽപന (SME IPO) നടപടികൾക്കെതിരെ മാധബി പുരി ബുച്ചിന്റെ നിലപാടും വലിയ ചർച്ചയായിരുന്നു.
എസ്എംഇ ഐപിഒകളിൽ തിരിമറി നടക്കുന്നുണ്ടെന്നും വില കൃത്രിമമായി പെരുപ്പിക്കുന്നുണ്ടെന്നും മാധബി അഭിപ്രായപ്പെട്ടിരുന്നു. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം എസ്എംഇകൾ പ്രൊമോട്ടർമാരുടെ തന്നെ കടലാസ് കമ്പനികളിലേക്ക് (shell companies) മാറ്റുന്നുണ്ടെന്ന് സെബിയും കണ്ടെത്തിയിരുന്നു.
വില കൃത്രിമമായി പെരുപ്പിക്കുന്നതും ഫണ്ട് തിരിമറികളും തടയാനായി ചെറുകിട-ഇടത്തരം കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ചട്ടങ്ങൾ കൂടുതൽ കടുപ്പിക്കാൻ സെബി തീരുമാനിച്ചിരുന്നു.
സെബിയുടെ ആദ്യ വനിതാ മേധാവി
2022 മാർച്ച് രണ്ടിനാണ് സെബിയുടെ മേധാവിയായി മാധബി നിയമിതയായത്. മൂന്നുവർഷത്തേക്കായിരുന്നു നിയമനം. സെബിയുടെ മേധാവിയാകുന്ന ആദ്യ വനിതയും മാധബിയാണ്.
സെബി അംഗമായിരിക്കേയാണ് ചെയർപഴ്സൻ സ്ഥാനം തേടിയെത്തിയത്. 56-ാം വയസ്സിൽ സെബിയുടെ എക്കാലത്തെയും പ്രായംകുറഞ്ഞ മേധാവി എന്ന നേട്ടത്തോടെയുമായിരുന്നു ചുമതലയേൽക്കൽ.