
ന്യൂഡൽഹി: ദേശീയതലത്തിൽ ജനുവരിയിൽ 1.96 ലക്ഷം കോടി രൂപയാണ് ജിഎസ്ടി സമാഹരണം. 2024 ജനുവരിയിലെ 1.74 ലക്ഷം കോടി രൂപയേക്കാൾ 12.3% അധികമാണിത്.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 36,077 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (CGST) 44,942 കോടി രൂപ സംസ്ഥാന ജിഎസ്ടിയും (SGST) 1.01 ലക്ഷം കോടി രൂപ സംയോജിത ജിഎസ്ടിയുമാണ് (IGST). സെസ് (GST Cess) ഇനത്തിൽ 13,400 കോടി രൂപയും പിരിച്ചെടുത്തു.
ഒരിടവേളയ്ക്കുശേഷം കേരളത്തിൽ ചരക്കു-സേവന നികുതി (GST) സമാഹരണത്തിൽ വളർച്ചനിരക്ക് കൂടി. കഴിഞ്ഞമാസം 8% വളർച്ചയോടെ കേരളത്തിൽ 2,989 കോടി രൂപ സമാഹരിച്ചെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
ഒക്ടോബറിൽ 20% മുന്നേറിയ കേരളത്തിന് നവംബറിൽ 10%, ഡിസംബറിൽ 5% എന്നിങ്ങനെയായിരുന്നു വളർച്ചനിരക്ക്.
കേരളത്തിന് നടപ്പുവർഷം (2024-25) ജനുവരി വരെയുള്ള കണക്കുപ്രകാരം സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (Post-Settlement GST) 27,169 കോടി രൂപയാണ്.
മുൻവർഷത്തെ സമാനകാലത്തെ 25,738 കോടി രൂപയേക്കാൾ 6% അധികം. ദേശീയതലത്തിലെ മൊത്തം ജിഎസ്ടി സമാഹരണം നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ മുൻവർഷത്തെ സമാനകാലത്തെ 16.71 ലക്ഷം കോടി രൂപയിൽ നിന്ന് 9.4% ഉയർന്ന് 18.29 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്.