ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

കേരളത്തിന് അധികമായി കണ്ടെത്തേണ്ടത് 320 കോടി യൂണിറ്റ് വൈദ്യുതി

തിരുവനന്തപുരം: കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കുന്നത് അപ്പലേറ്റ് ട്രിബ്യൂണൽ വിലക്കിയതോടെ കേരളത്തിന് വർഷം അധികമായി കണ്ടെത്തേണ്ടത് 320 കോടി യൂണിറ്റ് വൈദ്യുതി.

നിലവിലെ കരാറുകളിലെ വിലയ്ക്ക് ഇതുകിട്ടാൻ സാധ്യതയില്ല. ചെലവ് കൂടുന്നതിനനുസരിച്ച് വൈദ്യുതി നിരക്കും കൂടും.

കരാറിന് റെഗുലേറ്ററി കമ്മിഷൻ ആദ്യം അനുമതി നിഷേധിച്ച കഴിഞ്ഞവർഷം മേയ് മുതൽ ഇത്രയും വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് താത്കാലിക അടിസ്ഥാനത്തിൽ കണ്ടെത്തുകയാണ്.

വാർഷികാടിസ്ഥാനത്തിൽ ഇതിന്റെ ശരാശരിവില അഞ്ചരരൂപയാണ്. നേരത്തേ കിട്ടിക്കൊണ്ടിരുന്നത് ശരാശരി 4.20 രൂപയ്ക്കും.

കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവന്നത് ഇതിനകം ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ട്. ദീർഘകാല കരാറുകളിലെ ക്രമക്കേട് പരിഹരിക്കാൻ നേരത്തേ സർക്കാർ തയ്യാറാകാതിരുന്നതാണ് ഈ സ്ഥിതിയിൽ എത്തിച്ചത്.

ഇനി താത്കാലിക അടിസ്ഥാനത്തിലുള്ള പരിഹാരം പോര. 15 വർഷത്തേക്കു 500 മെഗാവാട്ട് വൈദ്യുതിക്ക് ടെൻഡർ വിളിക്കാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ട്. ഇത് എത്രരൂപയ്ക്ക് കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും ൈവദ്യുതിനിരക്ക് നിർണയം.

പുതിയ കരാറിൽ യൂണിറ്റിന് ഒരുരൂപ കൂടിയാൽ വർഷം 320 കോടിയാണ് ബോർഡിന് അധികച്ചെലവ് വരുക. ഒന്നരരൂപ കൂടിയാൽ 480 കോടിയാവും. ഈ അധികച്ചെലവ് വൈദ്യുതിനിരക്കുകൂട്ടി ബോർഡ് ഈടാക്കും.

നിലവിലെ വൈദ്യുതിനിരക്ക് റെഗുലേറ്ററി കമ്മിഷൻ നവംബറിൽ അവലോകനംചെയ്യും. അപ്പോൾ ബോർഡിന് നിരക്ക് കൂട്ടാൻ ചോദിക്കാം. 2023-24 വർഷത്തെ കണക്ക് പുനപ്പരിശോധിക്കാൻ അപേക്ഷിക്കുമ്പോൾ ഇതുവരെയുള്ള അധികച്ചെലവ് അനുവദിക്കാനും ബോർഡിന് ആവശ്യപ്പെടാം.

കരാറുകൾ പുനഃസ്ഥാപിച്ചത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞദിവസമാണ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനെപ്പറ്റി സർക്കാർ ഇനിയും ചർച്ച തുടങ്ങിയിട്ടില്ല.

X
Top