
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനും വിപണിയിൽ ശക്തമായ ഇടപെടൽ നടത്താനും ലക്ഷ്യമിട്ട് മൂന്ന് പ്രത്യേക കിറ്റുകൾ പുറത്തിറക്കാൻ സപ്ലൈകോ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ പദ്ധതിപ്രകാരം അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് കിറ്റുകൾ ലഭ്യമാക്കുന്നത്.
അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്സ് തുടങ്ങി നിരവധി ആവശ്യസാധനങ്ങൾ അടങ്ങിയതാണ് ഈ കിറ്റുകൾ. ഇതിൽ 1280 രൂപയുടെ സാധനങ്ങൾ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും, 1880 രൂപയുടെ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും ഉപഭോക്താക്കൾക്ക് ലഭിക്കും. ശബരി സിഗ്നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ കിറ്റും വിപണിയിൽ ലഭ്യമാണ്. അത്തം കിറ്റിൽ 21 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, 2540 രൂപ വിലവരുന്ന തിരുവോണം കിറ്റ് 2000 രൂപ നിരക്കിലാണ് നൽകുന്നത്. ഓണത്തോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഈ ആശ്വാസ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെത്തന്നെ ഇത്തവണയും ഓണച്ചന്തകൾ ഉൾപ്പെടെയുള്ള വിപണി ഇടപെടലുകൾ സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഓണക്കിറ്റുകൾക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ളൈകോ നൽകുന്നുണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ളൈകോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷവും ഓണത്തിന് വിപണി ഇടപെടലുമായി സപ്ളൈകോ സജീവമായിരുന്നു. ഓണച്ചന്ത അടക്കമുള്ളവയിലൂടെ റെക്കോർഡ് വിറ്റുവരവാണ് സപ്ളൈകോ കഴിഞ്ഞവർഷം നടത്തിയത്.
അതേസമയം അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. എല്ലാ ഇനം അരിയ്ക്കും കിലോഗ്രാമിന് അഞ്ച് മുതൽ 10 രൂപ വരെ വർധിച്ചിട്ടുണ്ട്.
നിലവിൽ നെല്ലിന്റെ സ്റ്റോക്ക് കുറവായതിനാൽ അടുത്ത വർഷത്തേക്ക് കർഷകർ നെല്ല് സൂക്ഷിച്ചുവെക്കുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഓണച്ചന്തയിലേക്ക് സർക്കാർ വലിയ തോതിൽ അരി സംഭരിക്കുന്നതും വിപണിയിലെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഓണത്തിന് വിവിധ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിക്കുന്നതിനിടെയാണ് സപ്ലൈകോ വിപണി ഇടപെടല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.






