വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയില്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. ആഗോള വിപണി വിശകലന സ്ഥാപനമായ ക്ലെപ്ലര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഇന്ത്യ പ്രതിദിനം ശരാശരി 27.8 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്തു. ഇത് രാജ്യത്തിന്റെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 55.3 ശതമാനമാണ്.

ജൂലൈ 29 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി പ്രതിദിനം 50.3 ലക്ഷം ബാരല്‍ (5.03 മില്യണ്‍ ബാരല്‍) ആയിരുന്നു. ഇതില്‍ പകുതിയിലധികവും റഷ്യയില്‍ നിന്നായിരുന്നു. ജൂണിനെ അപേക്ഷിച്ച് റഷ്യന്‍ ക്രൂഡ് ഇറക്കുമതി 1.8 ശതമാനം ഉയര്‍ന്നപ്പോള്‍, ഇന്ത്യയുടെ ആകെ ക്രൂഡ് ഇറക്കുമതി വര്‍ധിച്ചത് വെറും 0.1 ശതമാനം മാത്രമാണ്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരെന്ന സ്ഥാനം റഷ്യ കൂടുതല്‍ ശക്തമാക്കി.

ക്ലെപ്ലറിലെ ഓയില്‍ മാര്‍ക്കറ്റ് അനലിസ്റ്റ് നിഖില്‍ ദുബെയുടെ വിലയിരുത്തല്‍ പ്രകാരം, റഷ്യന്‍ യൂറല്‍സ് (Urals) ക്രൂഡിന്റെ ലഭ്യതയും പശ്ചിമേഷ്യയിലെ അനിശ്ചിത സാഹചര്യവും ഇന്ത്യന്‍ റിഫൈനറികള്‍ക്ക് വലിയ പിന്തുണയായി. റഷ്യയിലെ റിഫൈനറികള്‍ക്കെതിരായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ ക്രൂഡ് കയറ്റുമതിക്ക് ലഭ്യമായതും, അമേരിക്ക-ഇറാന്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷം പശ്ചിമേഷ്യയില്‍ കുടുങ്ങിക്കിടന്ന ചരക്കുകള്‍ വീണ്ടും നീങ്ങിയതും ഇന്ത്യയിലേക്കുള്ള വിതരണം വര്‍ധിക്കാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യന്‍ എണ്ണയ്ക്ക് ലഭിച്ചിരുന്ന വലിയ വിലക്കിഴിവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അടുത്തിടെ റഷ്യന്‍ യൂറല്‍സ് ക്രൂഡിന് ബ്രെന്റ് ക്രൂഡിനെ അപേക്ഷിച്ച് ബാരലിന് 2 മുതല്‍ 3 ഡോളര്‍ വരെ മാത്രമാണ് വിലക്കിഴിവ് ലഭിച്ചത്. ഇറാന്‍ സംഘര്‍ഷം രൂക്ഷമായ ഘട്ടത്തില്‍ ഈ എണ്ണയ്ക്ക് പ്രീമിയം വരെ നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും പിന്നീട് വിലയില്‍ വീണ്ടും മാറ്റമുണ്ടായി.

രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണവിതരണക്കാരാണ്. ജൂലൈയില്‍ യുഎഇയില്‍ നിന്ന് പ്രതിദിനം 4.89 ലക്ഷം ബാരല്‍ ക്രൂഡ് എത്തിയെങ്കിലും ഇത് ജൂണിനെ അപേക്ഷിച്ച് 4.6 ശതമാനം കുറവാണ്. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ യുഎഇയുടെ വിഹിതം 9.7 ശതമാനമാണ്.

സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ സൗദിയില്‍ നിന്ന് പ്രതിദിനം 4.53 ലക്ഷം ബാരല്‍ ക്രൂഡ് എത്തിയതോടെ ഇറക്കുമതി 55 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ ക്രൂഡ് ബാസ്‌ക്കറ്റില്‍ സൗദിയുടെ വിഹിതം 5.8 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി ഉയര്‍ന്നു.

ഒമാനില്‍ നിന്നുള്ള ഇറക്കുമതി 45 ശതമാനം വര്‍ധിച്ച് 1.84 ലക്ഷം ബാരലായി. ഇറാഖില്‍ നിന്നുള്ള വിതരണം 4.9 ശതമാനം ഉയര്‍ന്നെങ്കിലും മൊത്തം വിഹിതം 1.4 ശതമാനം മാത്രമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത വിതരണം ജൂലൈയില്‍ 15.8 ശതമാനം ഉയര്‍ന്ന് ഏകദേശം പ്രതിദിനം 12 ലക്ഷം ബാരല്‍ എന്ന നിലയിലെത്തി.

എന്നിരുന്നാലും ബാബ് എല്‍-മന്ദേബ് കടലിടുക്കിലെയും സുരക്ഷാ പ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ ഏഷ്യയിലേക്കുള്ള ചരക്ക് ഗതാഗതത്തെ അത് ബാധിക്കാനും പശ്ചിമേഷ്യന്‍ വിതരണത്തിലെ ഈ വര്‍ധന നിലനിര്‍ത്തുക ബുദ്ധിമുട്ടാകാനും സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്.

X
Top