ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്

ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ

ന്യൂഡൽഹി: സ്വർണത്തിന് കേന്ദ്രസർക്കാർ ചുമത്തുന്ന നികുതി ഭീമമാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. 15% ഇറക്കുമതിയും 3% ജിഎസ്ടിയും ചേർത്ത് മൊത്തം 18% നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. ഇത് താരതമ്യേന ഏറെക്കൂടുതലാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
തീരുവ കൂടിയതോടെ ഇറക്കുമതി കുറഞ്ഞു.

രാജ്യത്ത് സ്വർണത്തിന്റെ ഡിമാൻഡും താഴ്ന്നു. എന്നാൽ, നികുതിവെട്ടിച്ചു നടക്കുന്ന സമാന്തര വിപണി തഴച്ചുവളരുകയാണെന്നും ഇത് നിയമാനുസൃതം പ്രവർത്തിക്കുന്ന, സംഘടിതവിപണിക്ക് തിരിച്ചടിയാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

വിദേശ നാണയശേഖരത്തിലെ ഇടിവ് നിയന്ത്രിക്കുക, രൂപയുടെ മൂല്യത്തകർച്ച തടയുക, വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു മേയിൽ കേന്ദ്രസർക്കാർ സ്വർണത്തിന് ഇറക്കുമതിത്തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് കുത്തനെ കൂട്ടിയത്.

കഴിഞ്ഞ മേയ് 13ന് ആയിരുന്നു തീരുവ വർധന. തുടർന്ന് നികുതിവെട്ടിച്ചുള്ള സ്വർണക്കടത്തും കൂടിയെന്ന് കേന്ദ്രത്തിന്റെതന്നെ കണക്ക് വ്യക്തമാക്കുന്നുണ്ട്. ഏപ്രിൽ ഒന്നുമുതൽ മേയ് 12 വരെ കേന്ദ്ര ഏജൻസികൾ പിടിച്ചെടുത്ത കള്ളക്കടത്ത് സ്വർണം 86.16 കിലോഗ്രാം ആയിരുന്നു. തീരുവ കൂട്ടിയശേഷം മേയ് 13 മുതൽ ജൂൺ 30വരെ 160.91 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചു; ഏതാണ്ട് ഇരട്ടി വളർച്ച.

2024ൽ ഇന്ത്യയിലെത്തിയ കള്ളക്കടത്ത് സ്വർണം 69.2 ടണ്ണാണെന്നാണ് കണക്ക്. 2023ലെ 156.1 ടണ്ണിൽ നിന്ന് കുറഞ്ഞു. കേന്ദ്രം തീരുവ കുത്തനെ കുറച്ചതിനെ തുടർന്ന് 2025ൽ കള്ളക്കടത്ത് 20.4 ടണ്ണിലേക്കും ചുരുങ്ങി.

കള്ളക്കടത്ത് സ്വർണത്തിലൂടെ നികുതിവെട്ടിപ്പുകാർക്ക് കിട്ടിയിരുന്ന ലാഭം കുറഞ്ഞതാണ്, 2025ൽ ‘കള്ളസ്വർണ’ത്തിന്റെ അളവ് കുറയാൻ കാരണം. എന്നാൽ‌, നിലവിലെ ട്രെൻഡ് വിലയിരുത്തിയാൽ ഈ വർഷം കള്ളക്കടത്ത് 100 ടൺ കടന്നേക്കാമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. തീരുവ കൂട്ടിയതോടെ കള്ളക്കടത്തുകാരുടെ ലാഭവും കൂടുന്നതാണ് കാരണം.

ഇക്കഴിഞ്ഞ ഏപ്രിൽ‌-ജൂണിൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 6% കുറഞ്ഞ് 131.4 ടണ്ണായിട്ടുണ്ട്. 2025 ഏപ്രിൽ-ജൂണിൽ‌ ഇറക്കുമതി 139.7 ടണ്ണായിരുന്നു. ഇറക്കുമതിയളവ് കുറഞ്ഞെങ്കിലും ഇറക്കുമതിമൂല്യം കൂടി. 1.32 ലക്ഷം കോടി രൂപയിൽ നിന്ന് 1.98 ലക്ഷം കോടിയായാണ് കൂടിയത്. സ്വർണവില വർധനയാണ് ഇതിനു കാരണം.

ജൂൺ പാദത്തിൽ‌ സ്വർണാഭരണ ഡിമാൻഡ് 15% കുറഞ്ഞ് 75.1 ടണ്ണായി. വിലവർധനയും അത്യാവശ്യമില്ലെങ്കിൽ സ്വർ‌ണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും ഡിമാൻഡിനെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

X
Top