
കേരളത്തെ ആഗോള നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന് പ്രഖ്യാപിച്ച കേരള നോളജ് വാലി പദ്ധതിക്കായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ലോകോത്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ സംസ്ഥാനത്തു തന്നെ ലഭ്യമാക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ പദ്ധതിയിലൂടെ കഴിയും. അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ, ആധുനിക അക്കാദമിക് പ്രോഗ്രാമുകൾ എന്നിവ ഇതിലൂടെ ഒരുമിച്ച് കൊണ്ടുവരും.
ലോകത്തിലെയും ഇന്ത്യയിലെയും മുൻനിര സർവകലാശാലകളെയും പരമ്പരാഗത അക്കാദമിക് സ്ഥാപനങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കും. വിദേശ സർവ്വകലാശാലകൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും കേരളത്തിൽ ശാഖകൾ തുടങ്ങാൻ സൗകര്യമൊരുക്കുന്നതിനായി ‘സ്വകാര്യ സർവ്വകലാശാല ബില്ലിൽ’ ആവശ്യമായ ഭേദഗതികൾ വരുത്തും. വിപണിയിലെ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായ കോഴ്സുകൾ ലഭ്യമാക്കുന്നതിലൂടെ യുവാക്കൾക്ക് സംസ്ഥാനത്തുതന്നെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കും.
ഇതോടൊപ്പം വയനാട്ടിലെയും മറ്റ് മലയോര മേഖലകളിലെയും ഗോത്രവർഗ്ഗ (ആദിവാസി) സമൂഹങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്കായി വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയും ബജറ്റിൽ പ്രഖ്യാപിച്ചു. ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും ഗവേഷണ സൗകര്യങ്ങളും ലഭ്യമാക്കുകയും ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗത അറിവുകൾ, കലകൾ, ഭാഷകൾ, സംസ്കാരം, കൃഷിരീതികൾ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ പഠനവും ഗവേഷണവും നടത്തുകയുമാണ് ലക്ഷ്യം. ഇതിന് പുറമെ ആധുനിക സാങ്കേതികവിദ്യ, നൈപുണ്യ വികസനം, വ്യവസായ അധിഷ്ഠിത പരിശീലനം എന്നിവ നൽകി യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കും.






