
കൊച്ചി: ആഗോള സ്വർണാഭരണ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം ‘തങ്കമകൻ’ ചെന്നൈയിൽ പുറത്തിറക്കി. തൃശൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സത്യസന്ധതയും കഠിനാധ്വാനവും കൈമുതലാക്കി ആഗോള സ്വർണാഭരണ രംഗത്ത് പ്രമുഖ സ്ഥാനം നേടിയെടുത്ത ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെയും ജോയ് ആലുക്കാസിന്റെയും അവിസ്മരണീയ യാത്രയാണ് ആത്മകഥയിലുള്ളത്.
നേരത്തെ സ്പ്രെഡിംഗ് ജോയ് എന്ന പേരിൽ മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമായി പുറത്തിറക്കിയ ആത്മകഥ, ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള പുസ്തകമായി മാറിയിരുന്നു. ഇതിനെത്തുടർന്നാണ് ആത്മകഥ തമിഴിലേക്ക് വിവർത്തനം ചെയ്തത്. ചെന്നൈ ഐടിസി ഗ്രാൻഡ് ചോളയിൽ നടന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ ഡോ. ജോയ് ആലുക്കാസ് പുസ്തകം പ്രകാശനം ചെയ്തു. സ്വന്തമായി ഒരു ബ്രാൻഡ് വളർത്തിയെടുത്ത് ലോക പ്രശസ്തമാക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നേർസാക്ഷ്യമാണ് ജോയ് ആലുക്കാസിന്റെ ആത്മകഥ.
കമ്പനിയുടെ വിജയത്തിൽ തമിഴ് ജനത നൽകിയ പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ആദരവായാണ് ‘തങ്കമകൻ’ അവതരിപ്പിക്കുന്നത്. ആത്മകഥയ്ക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചതായി ഡോ.ജോയ് ആലുക്കാസ് പറഞ്ഞു. സ്വപ്നം കാണുന്നത് യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ഒരാൾക്കെങ്കിലും തന്റെ ആത്മകഥ പ്രചോദനമാകുകയാണെങ്കിൽ, അതിനേക്കാൾ വലിയ സന്തോഷം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.