കൊച്ചി: റിലയൻസ് ജിയോ രാജ്യത്തെ എട്ട് നഗരങ്ങളിൽ 5ജി ഹോം ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ എയർ ഫൈബർ സേവനം ആരംഭിച്ചു.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് എയർ ഫൈബർ സേവനം ആദ്യമെത്തിയത്.
കൊച്ചി ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും. ഹോം എന്റർടെയ്ൻമെന്റ്, സ്മാർട്ട് ഹോം സേവനങ്ങൾ, അതിവേഗ ബ്രോഡ്‌ബാൻഡ് എന്നിവയ്‌ക്കായുള്ള 5ജി അതിവേഗ കണക്റ്റിവിറ്റിയിലൂടെ വയർലെസ് ഇന്റർനെറ്റ് സേവനങ്ങൾ ഇതിലൂടെ ലഭിക്കും.
ജിയോ എയർ ഫൈബർ, ജിയോ എയർ ഫൈബർ മാക്സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ജിയോ എയർ ഫൈബർ പ്ലാനിൽ 30 എം.ബി.പി.എസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും.
കൂടാതെ 100 എം.ബി.പി.എസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ.ടി.ടി പ്ലാറ്റുഫോമുകൾ സൗജന്യമായി ഉപയോഗിക്കാം.
ജിയോ എയർ ഫൈബർ മാക്സ് പ്ലാനിൽ 300, 500, 1000 എം.ബി.പി.എസ് സ്പീഡിൽ 1499, 2499, 3999 രൂപ നിരക്കുകളിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും.
രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റൽ ചാനലുകൾ ലഭ്യമാകും. ഒപ്പം വിവിധ ഒ.ടി.ടി സേവനങ്ങളും ലഭിക്കും. ആറു മാസവും 12 മാസവും കാലാവധിയിൽ പ്ലാനുകൾ ലഭ്യമാകും.
ഈ വർഷത്തെ ഗണേശ ചതുർത്ഥി ദിനത്തിൽ സേവനം ആരംഭിക്കുമെന്ന് ഇക്കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി അറിയിച്ചിരുന്നു.
ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്.
ഫൈബർ കണക്ഷൻ ഇല്ലാത്ത രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും എയർഫൈബർ എത്തുന്നതോടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.
രാജ്യത്തെ എല്ലാ വീടുകളിലും സമാനമായ ഗുണനിലവാരമുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.
എയർഫൈബർ
5ജി കണക്റ്റിവിറ്റി ലഭിക്കുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് അല്ലെങ്കിൽ റൗട്ടർ ആണ് ജിയോ എയർഫൈബർ. ഒരു പ്ലഗ്ഗിൽ കണക്ട് ചെയ്ത് എളുപ്പം ഉപയോഗിക്കാവുന്ന ഉപകരണമാണിത്.
ജിയോ 5ജി ടവർ കണക്ടിവിറ്റിയുള്ള എവിടെയും ഈ ഉപകരണത്തിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാം. 1.5 ജി.ബി.പി.എസ് വരെ വേഗത ലഭിക്കും.
സവിശേഷതകൾ
550 ലേറെ ഡിജിറ്റൽ ടിവി ചാനലുകൾ, എച്ച്.ഡി ഗുണമേന്മ, 16 ലേറെ ഒ.ടി.ടി ആപ്പുകൾ, ടിവിയിലും ലാപ്‌ടോപ്പിലും മൊബൈലിലും ടാബ് ലെറ്റിലും ലഭിക്കും, ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വേഗതയിൽ വൈഫൈ, സ്മാർട്ട് ഹോം സേവനത്തിലൂടെ വിദ്യാഭ്യാസത്തിനും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി, ഗെയിമിംഗ്, ഹോം നെറ്റ്‌വർക്കിംഗ്, സ്മാർട്ട് ഹോം ഐ.ഒ.ടി എന്നിവയെല്ലാം എയർ ഫൈബറിന്റെ സവിശേഷതകളാണ്.
വൈഫൈ റൂട്ടർ, 4കെ സ്മാർട്ട് സെറ്റ് ടോപ്പ് ബോക്‌സ്, വോയ്‌സ് ആക്റ്റീവ് റിമോട്ട് എന്നിവയും കണക്ഷനെടുക്കുമ്പോൾ ലഭിക്കും.