Alt Image
വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത ◆ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆ ചരിത്രം തിരുത്തി ഇന്ത്യൻ കയറ്റുമതി; ഒക്ടോബറിൽ 8990 കോടി ഡോളറിന്റെ സർവകാല റെക്കോർഡ് ◆

വെള്ളിയുടെ ആഗോള ഡിമാൻഡിൽ 5% ഇടിവിന് സാധ്യത

ന്യൂഡൽഹി: ആഗോള വിപണിയിൽ വെള്ളിയുടെ ഉപഭോഗത്തിൽ ഈ വർഷം അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് മെറ്റൽസ് ഫോക്കസ് പഠന റിപ്പോർട്ട്. ആഭരണ വിപണിയിലെ വലിയ തളർച്ചയും സോളാർ പാനലുകളിൽ വെള്ളിയുടെ ഉപയോഗം വലിയ രീതിയിൽ കുറഞ്ഞതുമാണ് ഇതിന്റെ പ്രധാന കാരണം.

വില കൂടിയതോടെ പല വ്യവസായങ്ങളും വില കുറഞ്ഞ ബദൽ ലോഹങ്ങളിലേക്ക് മാറിയതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

വെള്ളി ഉപഭോഗം ആഗോള വിപണിയിൽ ഈ വർഷം 1.08 ബില്യൺ ട്രോയ് ഔൺസായി ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. ആഭരണങ്ങളുടെ ഡിമാൻഡ് 22 ശതമാനവും വെള്ളിപ്പാത്രങ്ങളുടേത് 17 ശതമാനവുമായും കുറയുമെന്നും പ്രവചനമുണ്ട്.

വിലക്കയറ്റവും ഇന്ത്യയിലെ ഗ്രാമീണ ഉപഭോഗം കുറഞ്ഞതും ആളുകളെ ചെറുതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങൾ വാങ്ങുന്നതിന് നയിച്ചുവെന്നാണ് വിവരം. മികച്ച വെള്ളി വിപണികളായ ചൈനയിലും അമേരിക്കയിലും വിൽപ്പന മന്ദഗതിയിലാണ്.

ജനുവരിയിൽ വെള്ളി ഔൺസിന് 121.60 ഡോളർ എന്ന റെക്കോർഡിലെത്തിയിരുന്നു. പിന്നീട് 59 ശതമാനം ഇടിഞ്ഞ് 50 ഡോളറിലെത്തിയെങ്കിലും സാധാരണക്കാരുടെ വാങ്ങൽ ശേഷി ഇതുവരെ തിരിച്ചുവന്നിട്ടില്ല.

അതേസമയം, വ്യാവസായിക ആവശ്യകതയിൽ മൂന്ന് ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയിൽ പുതിയ സോളാർ പാനൽ സ്ഥാപനം കുറഞ്ഞതും, വിലക്കയറ്റം കാരണം സോളാർ സെൽ നിർമ്മാതാക്കൾ വെള്ളിക്ക് പകരം മറ്റ് ലോഹങ്ങൾ തേടിയതും തിരിച്ചടിയായി.

കഴിഞ്ഞ വർഷം വെള്ളി വിലയിൽ 147 ശതമാനമാണ് വർധനവുണ്ടായത്. അമേരിക്കൻ താരിഫ് അനിശ്ചിതത്വങ്ങളും നിക്ഷേപകരുടെ ശക്തമായ താൽപ്പര്യവുമായിരുന്നു ഇതിന് കാരണം. ഇതിന്റെ ഫലമായി വില ഉയർന്നതോടെ ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹന നിർമ്മാതാക്കളെ ചെലവ് ചുരുക്കാൻ നിർബന്ധിതരാക്കി.

ഇതിനെല്ലാം പുറമെ, വെള്ളി വിപണിയിൽ നിന്ന് നിക്ഷേപകരും പിൻവാങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന പലിശനിരക്കും ശക്തമായ ഡോളറും ബോണ്ട് യീൽഡ് വർധനവുമാണ് നിക്ഷേപകരുടെ താൽപ്പര്യം കുറക്കുന്നതിലേക്ക് നയിച്ചത്.

വെള്ളി ബാറുകളുടെയും നാണയങ്ങളുടെയും ഡിമാൻഡ് രണ്ട് ശതമാനമായി കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ട്. അമേരിക്കയിലെ റീട്ടെയിൽ നിക്ഷേപം 2010 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

കഴിഞ്ഞ വർഷം 278 ദശലക്ഷം ഔൺസ് എത്തിയ എക്സ്ചേഞ്ച്-ട്രേഡഡ് ഉൽപ്പന്നങ്ങളിൽ നിന്ന് ഈ വർഷം 45 ദശലക്ഷം ഔൺസ് പിൻവലിക്കപ്പെടും. ഇത് വിപണിയിൽ ലഭ്യത കൂട്ടാനും ക്ഷാമം കുറക്കാനും സഹായിച്ചിട്ടുണ്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു.

X
Top