Alt Image
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆ ചരിത്രം തിരുത്തി ഇന്ത്യൻ കയറ്റുമതി; ഒക്ടോബറിൽ 8990 കോടി ഡോളറിന്റെ സർവകാല റെക്കോർഡ് ◆ 6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆

പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഒഡിഷയിലെ ചാന്ദികോലിൽ 4 മില്യൻ ടൺ ശേഷിയുള്ള ക്രൂഡോയിൽ സംഭരണകേന്ദ്രം ഒരുക്കാനാണ് പദ്ധതി. 8571 കോടി രൂപ ചെലവു വരും.

പദ്ധതി സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. ഇതിനായി സർക്കാർ ടെൻ‍ഡർ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന സ്വകാര്യ നിക്ഷേപകർക്ക് പദ്ധതി നടപ്പിലാക്കാൻ 5142 കോടി രൂപ വരെ ഗ്രാന്റ് നൽകും. ഏറ്റവും കുറഞ്ഞ ഗ്രാന്റ് തുക ആവശ്യപ്പെടുന്ന കമ്പനിക്കായിരിക്കും കരാർ നൽകുകയെന്നും ടെൻഡർ രേഖകൾ പറയുന്നു.

നിലവിൽ വിശാഖപട്ടണത്ത് പ്രവർ‍ത്തിക്കുന്ന കരുതൽ ശേഖരണ കേന്ദ്രത്തിന്റെ ഒരു ഭാഗം 3 വർഷത്തേക്ക് വാടകയ്ക്ക് നൽകാനും കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. 5,24,000 ടൺ പെട്രോളിയം ഉൽപന്നങ്ങൾ ശേഖരിക്കാനാവുന്ന സ്ഥലമാണ് വാടകയ്ക് നൽകുന്നത്.

ആവശ്യമെങ്കിൽ അടുത്ത 4 വർഷത്തേക്ക് കൂടി നീട്ടാവുന്ന തരത്തിലാണിത്. പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ ക്രൂഡോയിൽ സൂക്ഷിക്കാനുള്ള സാധ്യത എണ്ണയുൽപാദക രാജ്യങ്ങൾ തേടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം.

അടുത്ത വർഷം മുതൽ സിംഗപ്പൂരിലെ എണ്ണടാങ്കുകളിൽ ക്രൂഡോയിൽ സൂക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ജപ്പാനിലും ദക്ഷിണ കൊറിയയിലും സൗദി എണ്ണ സൂക്ഷിക്കുന്നുണ്ട്.

മറ്റൊരു എണ്ണയുൽപാദക രാജ്യമായ യുഎഇ ഇതിനോടകം ഇന്ത്യയിൽ ക്രൂഡോയിൽ സൂക്ഷിക്കുന്നുണ്ട്. 30 ദശലക്ഷം ബാരൽ കൂടി സൂക്ഷിക്കാനാകുന്ന പദ്ധതിയും ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ട്.

ഒഡിഷയിലെ ചാന്ദിക്കോലിനു പുറമെ മധ്യപ്രദേശിലെ ബിന, രാജസ്ഥാനിലെ ബിക്കാനീർ, കർണാടകയിലെ പദൂർ, മംഗളൂരു എന്നിവിടങ്ങളിലും ഇന്ത്യ പുതിയ കരുതൽ ശേഖരണ കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്.

നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന് കീഴിൽ വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിൽ 5.33 മില്യൻ മെട്രിക് ടൺ ക്രൂ‍ഡോയിൽ സൂക്ഷിക്കാനുള്ള ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിലച്ചാൽ 9.5 ദിവസത്തേക്ക് മാത്രമാണ് ഇതുപയോഗിക്കാൻ കഴിയുന്നത്. കുറഞ്ഞത് 90 ദിവസത്തേക്കെങ്കിലും ക്രൂഡോയിൽ ശേഖരിക്കണമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ നിർദേശം.

ഇതിനിടയിൽ ഹോർമുസിൽ തടസമുണ്ടായതോടെയാണ് കരുതൽ ശേഖരം ഉയർത്താൻ ഇന്ത്യ തീരുമാനിച്ചത്.

X
Top