Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രം കുറിച്ച് കേരളം

തിരുവനന്തപുരം: സംരംഭങ്ങളുടെ കാര്യത്തിൽ കേരള ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് തീർത്തുകൊണ്ട് കേവലം 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് സംരംഭക വർഷം പദ്ധതി നേട്ടം കൈവരിച്ചു. 1,01,353 സംരംഭങ്ങൾ ഇതിനോടകം ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിലേക്ക് 6282 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 2,20,500 പേർക്ക് ഈ ഒരു ലക്ഷം സംരംഭങ്ങളിലൂടെ തൊഴിൽ ലഭിച്ചു.

ഈ കാലയളവിനുള്ളിൽ മലപ്പുറം, എറണാകുളം ജില്ലകളിൽ പതിനായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ ഒൻപതിനായിരത്തിലധികവും കോഴിക്കോട്, പാലക്കാട് ജില്ലകളിൽ എട്ടായിരത്തിലധികവും കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഏഴായിരത്തിലധികവും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.

തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ഇരുപതിനായിരത്തിലധികമാളുകൾക്കും ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെല്ലാം തന്നെ പതിനയ്യായിരത്തിലധികം ആളുകൾക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു.

വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലായി പതിനെട്ടായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. വ്യാവസായിക സാഹചര്യം മാനദണ്ഡമാക്കി ഓരോ ജില്ലയിലും തദ്ദേശ സ്ഥാപനങ്ങളിലും ആരംഭിക്കേണ്ട സംരംഭങ്ങളുടെ ടാർഗറ്റ് നൽകിയിരുന്നു.

ഇങ്ങനെ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് വയനാട് ജില്ലയാണ് എന്നത് എല്ലാ ജില്ലകളിലും നിക്ഷേപം സാധ്യമാണ് എന്നതിന് തെളിവാണ്. കേരളത്തിലെ 70 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇങ്ങനെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ലക്ഷ്യത്തിൻ്റെ 100% കൈവരിച്ചിട്ടുണ്ട്.

വിവിധ മേഖലകളായി തിരിച്ചുള്ള കണക്കുകളെടുത്താലും സംരംഭക വർഷം കേരളത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിൽ 17958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു.

1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58038 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 11672 സംരംഭങ്ങളും 500 കോടിയിലധികം രൂപയുടെ നിക്ഷേപവും 23874 തൊഴിലും ഉണ്ടായി.

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 4352 സംരംഭങ്ങളും 260 കോടി രൂപയുടെ നിക്ഷേപവും 8078 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 7810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്.

465 കോടി രൂപയുടെ നിക്ഷേപവും 17707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 31676 സംരംഭങ്ങളും 1817 കോടിയുടെ നിക്ഷേപവും 58038 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന് പുറമെ ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങി ഇതര മേഖലകളിലായി 26,679 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിലൂടെ വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 25,000ത്തിലധികം സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

2022 മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി അതിവിപുലമായ ആസൂത്രണത്തിലൂടെയാണ് വിജയ തീരമണിഞ്ഞിരിക്കുന്നത്. നിരവധി തവണ മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തൊഴിലാളി സംഘടനകളുമായും ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇൻ്റസ്ട്രീസ്, സ്‌മോൾ സ്കെയിൽ ഇൻ്റസ്ട്രീസ് അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകളുമായും യോഗങ്ങൾ വിളിച്ചുചേർത്തു.

പദ്ധതിയുടെ വിജയത്തിനായി ചാർട്ടേഡ് അക്കൗണ്ടൻ്റുമാരുടെയും എച്ച് ആർ മാനേജർമാരുടെയും സംഘടനകളുമായും പ്രതിനിധികളുമായും യോഗം ചേരുകയും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കാമെന്ന നിർദേശം അംഗീകരിക്കുകയും ചെയ്തു. പദ്ധതിക്ക് മുന്നോടിയായി വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസത്തെ പരിശീലനം നൽകി.

ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് നേരിട്ട് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാൻ ശിൽപശാലകളിലൂടെ സാധിച്ചു. ഇതിന് ശേഷം രണ്ടാം ഘട്ടമായി സംസ്ഥാനത്തുടനീളം ലൈസൻസ്/ലോൺ/സബ്സിഡി മേളകൾ സംഘടിപ്പിച്ചു.

ബാങ്കുകളും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. നാല് ശതമാനം മാത്രം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയും സംരംഭക വർഷം പദ്ധതിക്കായി പ്രഖ്യാപിച്ചു നടപ്പിലാക്കി. പുതിയ സംരംഭകർക്ക് കെ സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കാൻ സാധിച്ചത് സംരംഭകർക്കും പദ്ധതിക്കും അനുകൂല ഘടകമായി.

ഒരു വർഷം പതിനായിരം സംരംഭങ്ങൾ ഉണ്ടാകുന്ന നാട്ടിൽ മനസുവച്ചാൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംരംഭക വർഷം പദ്ധതി.

ഇനിയുള്ള നാല് മാസങ്ങൾ കൊണ്ട് പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ സംഗമം സംഘടിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

X
Top