
മുംബൈ: രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് മാസത്തിനു ശേഷം 5 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ അതായത്, ഏപ്രിൽ-ജൂൺ മാസം എത്തുമ്പോഴേക്ക് 5 ശതമാനമായി കുറയുമെന്ന് ആർബിഐ പുറത്തിറക്കിയ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കി.
പ്രതീക്ഷകൾക്കൊപ്പം പണപ്പെരുപ്പം കുറയുകയാണ് എന്നുണ്ടെങ്കിൽ ആർബിഐയുടെ ടോളറൻസ് ബാൻഡിനുള്ളിൽ ആയിരിക്കും പണപ്പെരുപ്പ നിരക്ക്. 7 ശതമാനത്തിൽ നിന്ന് 5 ശതമാനമായി പണപ്പെരുപ്പം കുറയും എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.
അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ-ജൂണിനുശേഷം പണപ്പെരുപ്പത്തെ 4 ശതമാനത്തിലേക്ക് നയിക്കുക എന്നതാണ് എംപിസിയുടെ മുന്നിലുള്ള വെല്ലുവിളി.
ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.71 ശതമാനത്തിലേക്ക് ഇടിഞ്ഞതായി ആർബിഐ ഓഗസ്റ്റ് 12 ന് പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. ജൂലൈയിൽ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെങ്കിലും, ആർബിഐയുടെ ടോളറൻസ് ബാന്ഡിന് പുറത്തായിരുന്നു.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പ സമ്മർദങ്ങൾ ശമിപ്പിക്കുന്നതിനായി ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മെയ് മുതൽ മൂന്ന് ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 140 ബേസിസ് പോയിന്റുകളോളം ഉയർത്തി. അടുത്ത മീറ്റിങ്ങിലും റിപ്പോ നിരക്ക് ഉയർത്തിയേക്കും.
ആർബിഐ റിപ്പോ നിരക്കുകൾ ഉയർത്തിയതോടെ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ നിക്ഷേപ, വായ്പാ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ കാനറാ ബാങ്ക് എന്നിവ ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.