
മുംബൈ: ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം (വിലക്കയറ്റത്തോത്) വീണ്ടും താഴേക്ക്. മേയില്‍ ഇത് 2.82 ശതമാനമായാണ് കുറഞ്ഞത്. 2019 ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഏപ്രിലില്‍ 3.16 ശതമാനവും മാർച്ചില്‍ 3.34 ശതമാനവുമായിരുന്നു പണപ്പെരുപ്പം. ഗ്രാമങ്ങളില്‍ വിലക്കയറ്റത്തോത് ഏപ്രിലിലെ 2.92 ശതമാനത്തില്‍നിന്ന് 2.59 ശതമാനമായി കുറഞ്ഞപ്പോള്‍ നഗരങ്ങളില്‍ 3.36 ശതമാനത്തില്‍നിന്ന് 3.07 ശതമാനമായി താഴ്ന്നിട്ടുണ്ട്.
പണപ്പെരുപ്പം നാലുശതമാനത്തില്‍ നിലനിർത്തുന്നതിനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. പരമാവധി രണ്ടുശതമാനം മുകളിലേക്കോ താഴേക്കോ അനുവദനീയ പരിധിയായി കണക്കാക്കുന്നു. തുടർച്ചയായ നാലാംമാസമാണ് ഉപഭോക്തൃ പണപ്പെരുപ്പം നാലുശതമാനത്തില്‍ താഴെയെത്തുന്നത്. ഉപഭോക്തൃ പണപ്പെരുപ്പം വിലയിരുത്തിയാണ് ആർബിഐ, അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്.
ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ പകുതിയും ഭക്ഷ്യവസ്തുക്കളുടെ വിലയുമായി ബന്ധപ്പെട്ടുള്ളതാണ്. ഭക്ഷ്യോത്പന്ന വിലക്കയറ്റത്തോത് ഇത്തവണ 0.99 ശതമാനമായി താഴ്ന്നിട്ടുണ്ട്. ഏപ്രിലില്‍ ഇത് 1.78 ശതമാനമായിരുന്നു. 2024 ഒക്ടോബറിനുശേഷമാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞുതുടങ്ങിയത്.
2021 ഒക്ടോബറിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഭക്ഷ്യവിലക്കയറ്റത്തോത്. പരിപ്പ്, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പഞ്ചസാര, മുട്ട തുടങ്ങിയവയുടെ വിലയിലുണ്ടായ കുറവാണ് ഭക്ഷ്യ പണപ്പെരുപ്പം കുറയാൻ സഹായകമായതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വ്യക്തമാക്കി.
പണപ്പെരുപ്പം കൂടുതല്‍ കേരളത്തില്‍
രാജ്യത്ത് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പം കേരളത്തില്‍. ഏതാനും മാസങ്ങളായി കേരളത്തില്‍ ഉപഭോക്തൃ പണപ്പെരുപ്പം ഉയർന്ന നിലയില്‍ തുടരുകയാണ്. മേയില്‍ 6.46 ശതമാനമായി കേരളത്തില്‍ പണപ്പെരുപ്പം കൂടി. മാർച്ചിലെ 6.59 ശതമാനത്തിന് അടുത്തേക്കാണ് പണപ്പെരുപ്പം നീങ്ങിയത്.
ഏപ്രിലില്‍ ഇത് 5.94 ശതമാനമായിരുന്നു. സംസ്ഥാനത്ത് ഗ്രാമങ്ങളില്‍ പണപ്പെരുപ്പം, ഏപ്രിലിലെ 6.46 ശതമാനത്തില്‍നിന്ന് 6.88 ശതമാനമായും നഗരങ്ങളില്‍ 4.91 ശതമാനത്തില്‍നിന്ന് 5.65 ശതമാനമായും കൂടി.
ഇത്തവണ പഞ്ചാബാണ് രണ്ടാംസ്ഥാനത്ത്. 5.21 ശതമാനം. കഴിഞ്ഞമാസം കർണാടകയായിരുന്നു രണ്ടാംസ്ഥാനത്ത്. ഇത്തവണ കർണാടകയില്‍ പണപ്പെരുപ്പം 3.19 ശതമാനമായി താഴ്ന്നു.
ജമ്മു-കശ്മീർ (4.55 ശതമാനം), ഹരിയാണ (3.67 ശതമാനം), ഉത്തരാഖണ്ഡ് (3.47 ശതമാനം) എന്നിവ തുടർന്നുള്ള സ്ഥാനങ്ങളില്‍ വരുന്നു. തെലങ്കാനയിലാണ് ഇത്തവണയും ഏറ്റവും കുറവ്. 0.55 ശതമാനം. ഏപ്രിലില്‍ ഇത് 1.26 ശതമാനമായിരുന്നു.