
ദില്ലി: ഇന്ത്യൻ ഐടി സേവന വിപണി വളച്ചയുടെ പാതയിലെന്ന് ഇൻറർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം, 7.4 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.
ഐഡിസിയുടെ ഏറ്റവും പുതിയ അർദ്ധവാർഷിക ട്രാക്കർ അനുസരിച്ച്, 2022 ന്റെ ആദ്യ പകുതിയിൽ, ഇന്ത്യൻ ആഭ്യന്തര ഐടി, ബിസിനസ് സേവന വിപണിയുടെ മൂല്യം 7.15 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ വ്യവസായങ്ങളിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നിക്ഷേപങ്ങൾ തുടർച്ചയായി വർദ്ധിച്ചതാണ് വളർച്ചാ നിരക്ക് ഉയരാൻ കാരണമായത്.
ആഗോള സാമ്പത്തിക മാന്ദ്യ സാധ്യത നിലനിൽക്കുന്ന അവസരത്തിലും ഇന്ത്യൻ ഐടി സേവന വിപണി ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം റഷ്യ-ഉക്രെയ്ൻ സംഘർഷവും വിപണിയെ പിടിച്ചുലച്ചിരുന്നു.
എന്നാൽ ഈ സാഹചര്യങ്ങളിലും വിവിധ സംരഭങ്ങൾ, ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനായി ഉൽപ്പന്ന വികസനം ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിച്ചത് ഐടി സേവന നിക്ഷേപം വർധിപ്പിക്കുന്നതിന് കാരണമായെന്ന് ഐഡിസി ഇന്ത്യ ഐടി സർവീസസ് സീനിയർ മാർക്കറ്റ് അനലിസ്റ്റ് ഹരീഷ് കൃഷ്ണകുമാർ പറഞ്ഞു.
2021ലെ ആദ്യ പകുതിയിലെ 7.3 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ആദ്യ പകുതിയിൽ ഐടി വ്യവസായ മേഖല 8.1 ശതമാനം വളർച്ച നേടിയിട്ടുണ്ട്. വരും വർഷങ്ങളിൽ വളർച്ചാ നിരക്ക് ഉയരാനുള്ള സാധ്യതയും ഐഡിസി ചൂണ്ടികാണിക്കുന്നു. 2026 അവസാനത്തോടെ ഐടി വ്യവസായ മേഖല 20.5 ബില്യൺ ഡോളർ വളർച്ച നേടുമെന്നും റിപ്പോർട്ട് പറയുന്നു.
ഐടി, ബിസിനസ്സ് സേവന വിപണിയെ പ്രോജക്റ്റ്-ഓറിയന്റഡ്, നിയന്ത്രിത സേവനങ്ങൾ, സപ്പോർട്ട് സർവീസസ് എന്നിങ്ങനെ മൂന്ന് പ്രാഥമിക വിപണികളായാണ് ഐഡിസി കണക്കാക്കുന്നത്. ഇതിൽ, 2022-ന്റെ ആദ്യ പകുതിയിൽ പ്രൊജക്റ്റ് അധിഷ്ഠിത സേവനങ്ങൾ 8.1 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. നിയന്ത്രിത സേവനങ്ങൾ 7.3 ശതമാനം വളർച്ചയും സപ്പോർട്ട് സർവീസ് 6 ശതമാനം വളർച്ചയും രേഖപ്പടുത്തി.
ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം നല്കാൻ ആഗ്രഹിക്കുന്നതിലൂടെ കമ്പനികൾ നൂതന സാങ്കേതികവിദ്യകൾ തേടുന്നത് ഐടി മേഖലയ്ക്ക് ഗുണം ചെയ്യും.
മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് ട്രെൻഡുകൾക്ക് അനുസൃതമായി ഓർഗനൈസേഷനുകൾ അവരുടെ പ്രവർത്തന രീതികളിൽ മാറ്റം വരുത്തുന്നത് ഐടി സേവനങ്ങളുടെ ആവശ്യം മുമ്പെങ്ങുമില്ലാത്തവിധം ഉയർത്തുകയാണെന്ന് ഐഡിസി ഇന്ത്യയിലെ സീനിയർ റിസർച്ച് മാനേജർ നേഹ ഗുപ്ത പറഞ്ഞു.