
കൊച്ചി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കുതിപ്പിന്റെ കരുത്തില്‍ ഇന്ത്യൻ സിമന്റ് വ്യവസായം വൻമുന്നേറ്റം നടത്തുന്നു. വിപണിയുടെ നിയന്ത്രണം പൂർണമായും വൻകിട കോർപ്പറേറ്റുകളുടെ കൈയിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ ട്രെൻഡുകള്‍ വ്യക്തമാക്കുന്നത്.
അദാനി, ബിർള ഗ്രൂപ്പുകളുടെ മേധാവിത്തം സിമന്റ് വിപണിയില്‍ ഉയരുകയാണ്. ഇന്ത്യയൊട്ടാകെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും ദേശീയ പാതകളുടെയും പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതാണ് സിമന്റ് കമ്പനികള്‍ക്ക് ലോട്ടറിയാകുന്നത്.
അള്‍ട്രാടെക്ക് സിമന്റും അംബുജ സിമന്റും ഡാല്‍മിയും പോലുള്ള വമ്പൻ കമ്പനികള്‍ വിപണി അതിവേഗത്തില്‍ വികസിപ്പിച്ചതോടെ ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടലിന്റെ വക്കിലാണ്. ഭവന മേഖലയിലെ തളർച്ചയെ മറികടക്കുന്ന വിധമാണ് പശ്ചാത്തല വികസന രംഗത്ത് സിമന്റ് ഉപഭോഗം ഉയരുന്നതെന്നും കമ്പനികള്‍ പറയുന്നു.
ഉപഭോഗം ഉയർന്നതോടെ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ കമ്പനികള്‍ നടപടികള്‍ തുടങ്ങി. നടപ്പു സാമ്പത്തിക വർഷത്തില്‍ ഉത്പാദന ശേഷിയില്‍ 4.5 കോടി ടണ്ണിന്റെ വർദ്ധന വരുത്തുന്നതിനായാണ് വിവിധ കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.
ലാഭം ഉയർത്തി കമ്പനികള്‍
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ ഇന്ത്യൻ സിമന്റ് കമ്പനികളുടെ ലാഭത്തില്‍ ഗണ്യമായ വർദ്ധനയുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്കിന്റെ അറ്റാദായം പത്ത് ശതമാനം ഉയർന്ന് 2,482 കോടി രൂപയിലെത്തി.
ഡിസംബർ പാദത്തിലേക്കാള്‍ അറ്റാദായത്തില്‍ 83 ശതമാനം വർദ്ധനയുണ്ടായി. മൊത്തം വരുമാനം 13 ശതമാനം വർദ്ധിച്ച് 23,063.32കോടി രൂപയായി. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സിന്റെ അറ്റാദായം ഇക്കാലയളവില്‍ 74.51 ശതമാനം വർദ്ധനയോടെ 928.88 കോടി രൂപയിലെത്തി.
ഉത്പാദന ശേഷി ഉയർത്തുന്നു
ഇന്ത്യൻ കമ്പനികള്‍ സിമന്റ് ഉത്പാദന ശേഷി റെക്കാഡ് വേഗത്തിലാണ് ഉയർത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ അദാനി സിമന്റ്‌സ് പത്ത് കോടി ടണ്ണിന്റെ ഉത്പാദന ശേഷിയാണ് കൈവരിച്ചത്.
അംബുജ സിമന്റ്സും എ.സി.സിയും ഉള്‍പ്പെടുന്നതാണ് അദാനി സിമന്റ്‌സ്. കഴിഞ്ഞവർഷം 14 ലക്ഷം ടണ്ണിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിച്ച് അള്‍ട്രാടെക്കും മികച്ച മുന്നേറ്റം നടത്തി. ഇതോടെ അള്‍ട്രാടെക്കിന്റെ മൊത്തം ഉത്പാദന ശേഷി 18.47 കോടി ടണ്ണായി.