
ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വൻ മുന്നേറ്റവുമായി വ്യോമസേന. സാധാരണയായി ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളുടെ സ്‌പെയർ പാർട്‌സുകളിൽ 97 ശതമാനവും സമീപ വർഷങ്ങളിൽ തദ്ദേശീയമായി നിർമ്മിച്ചെടുക്കാൻ വ്യോമസേനയ്ക്ക് സാധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വിമാനങ്ങളിലെ ബാറ്ററികൾ, പൈലറ്റ് പാരച്യൂട്ടുകൾ, ഇജക്ഷൻ സീറ്റുകളിലെ എസ്‌കേപ്പ് എയർ എക്‌സ്‌പ്ലോസീവുകൾ, ടയറുകൾ, പവർ കാർട്ടുകൾ തുടങ്ങി നിത്യേനയുള്ള പറക്കലുകൾക്ക് ആവശ്യമായ ഘടകങ്ങളാണ് ഇത്തരത്തിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത്.
നേരത്തെ വിദേശ വിതരണക്കാരെ വൻതോതിൽ ആശ്രയിച്ചിരുന്ന ഈ ഭാഗങ്ങൾ തദ്ദേശീയമാക്കിയതിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 582 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ വ്യോമസേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യോമസേനയുടെ മെയിന്റനൻസ് കമാൻഡ് മാത്രം ഏകദേശം 62,300 സ്‌പെയർ പാർട്‌സുകളാണ് തദ്ദേശീയമായി വികസിപ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു.
ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിൽ ഇത്തരം നിർണായക ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിന് സേന മുൻഗണന നൽകുന്നുണ്ട്. സേനയുടെ വിവിധ യൂണിറ്റുകൾക്ക് ആവശ്യമായ 97% സ്‌പെയർ പാർട്‌സുകളും ഇപ്പോൾ തദ്ദേശീയമായാണ് നിർമിക്കുന്നത്.
വിദേശ ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി 2022 മുതൽ വ്യോമസേന ഒരു 3ഡി പ്രിന്റിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഈ സംവിധാനം സഹായിക്കുന്നുണ്ട്. സ്വകാര്യ വ്യവസായ മേഖലയുമായി സഹകരിച്ചാണ് ഈ വലിയ മുന്നേറ്റം വ്യോമസേന നടത്തുന്നത്.
റഷ്യൻ നിർമ്മിത സുഖോയ്-30 എം.കെ.ഐ, മിഗ്-29, മി-17 ഹെലികോപ്റ്ററുകൾ, എഎൻ-32 വിമാനങ്ങൾ എന്നിവയും ഫ്രഞ്ച് നിർമ്മിത മിറാഷ്-2000, റാഫേൽ വിമാനങ്ങളും ഉൾപ്പെടുന്ന വലിയൊരു വിദേശ നിർമ്മിത വിമാന വ്യൂഹം വ്യോമസേന നിലവിൽ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് ആവശ്യമായ എഞ്ചിനുകൾ, സ്‌പെഷ്യലിസ്റ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് ഇപ്പോഴും വലിയതോതിൽ വിദേശ സഹായം ആവശ്യമാണ്.
റഷ്യ-യുക്രൈൻ യുദ്ധം വിദേശ വിതരണ ശൃംഖലകളെ ആശ്രയിക്കുന്നതിലെ അപകടസാധ്യതകളേപ്പറ്റി വ്യോമസേനയ്ക്ക് ബോധ്യം നൽകിയിരുന്നു.
ഈ പ്രകിസന്ധി പരിഹരിക്കാനായി ഇവയുടെ സ്‌പെയർ പാർട്‌സുകൾ ഇന്ത്യയിൽ തന്നെ നിർമിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനായി റഷ്യൻ കമ്പനികളുമായും ഇന്ത്യൻ വ്യവസായ മേഖലയുമായും വ്യോമസേന ഇപ്പോൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.






