
ന്യൂഡൽഹി: രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 11 വിമാനത്താവളങ്ങളാണ് ഇത്തവണ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിന് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി (PPPAC) തത്വത്തില്‍ അനുമതി നല്‍കി. തെരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ കമ്പനികള്‍ക്ക് 50 വര്‍ഷത്തേക്കായിരിക്കും നടത്തിപ്പ് അവകാശം ലഭിക്കുക.
ഒരു പാക്കേജിലെ വിമാനത്താവളങ്ങള്‍ ഒരൊറ്റ സ്വകാര്യ കമ്പനിക്കായിരിക്കും നല്‍കുക. എന്നാല്‍ ഒരേ കമ്പനി കൂടുതല്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം നേടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഏതാനും കമ്പനികളുടെ ആധിപത്യത്തിലേക്ക് ഈ മേഖല മാറാതിരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
പുതിയ സ്വകാര്യവത്കരണ പട്ടികയില്‍ ഉള്‍പ്പെട്ട വിമാനത്താവളങ്ങള്‍ അഞ്ച് പാക്കേജുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിമാനത്താവളങ്ങള്‍ക്കൊപ്പം ആറ് ചെറിയ വിമാനത്താവളങ്ങള്‍ ചേര്‍ത്താണ് പാക്കേജുകള്‍ രൂപീകരിച്ചിരിക്കുന്നത്.
പട്ടികയിലുള്ള വിമാനത്താവളങ്ങള്‍:
അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളവും കാംഗ്ര-ഗഗ്ഗല്‍ വിമാനത്താവളവും
വാരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം, ഗയ അന്താരാഷ്ട്ര വിമാനത്താവളം, കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം
ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളവും ഹുബ്ബള്ളി വിമാനത്താവളവും
റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളവും ഔറംഗാബാദ് വിമാനത്താവളവും
തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളവും തിരുപ്പതി വിമാനത്താവളവും.
എന്തുകൊണ്ട് പാക്കേജ് സംവിധാനം?
ചെറിയ വിമാനത്താവളങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. കൂടുതല്‍ വരുമാനം ലഭിക്കുന്ന വലിയ വിമാനത്താവളങ്ങളുമായി ചെറിയ വിമാനത്താവളങ്ങളെ കൂട്ടിച്ചേര്‍ത്താല്‍ അവയുടെ നടത്തിപ്പ് സാമ്പത്തികമായി കൂടുതല്‍ പ്രായോഗികമാകുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI)യുടെ വിലയിരുത്തല്‍.
വലിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ചെറിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും വികസനവും നടത്തുന്ന മാതൃകയാണ് പരിഗണിക്കുന്നത്.
ആഭ്യന്തര യാത്രക്കാരില്‍ നിന്ന് ഈടാക്കാന്‍ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഓരോ യാത്രക്കാരനിലുമുള്ള ഫീസ് അടിസ്ഥാനമാക്കിയാകും വിമാനത്താവള നടത്തിപ്പ് നല്കുക.
വ്യോമയാന മേഖലയില്‍ നേരിട്ടുള്ള പ്രവൃത്തിപരിചയം ഇല്ലാത്ത കമ്പനികള്‍ക്കും ബിഡ് ചെയ്യാന്‍ അവസരം നല്‍കും. മറ്റ് അടിസ്ഥാനസൗകര്യ മേഖലകളില്‍ ആവശ്യമായ പ്രവൃത്തിപരിചയം ഉള്ള കമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാനാകും.






