ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടിഇന്ത്യ– യുഎസ്‌ വ്യാപാരകരാർ: ഏറെക്കുറെ ധാരണയായെന്ന് കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽപശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യന്‍ തേയിലയ്ക്ക് വന്‍ ഡിമാന്‍ഡ്ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യഇന്ത്യയ്ക്കും ചൈനയ്ക്കുമടക്കം അധിക തീരുവ ചുമത്താ‍ൻ യുഎസ്; പ്രകോപനം ഇന്ത്യയുമായി വ്യാപാരച്ചർച്ച നടക്കുന്നതിനിടെ

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

സ്റ്റീല്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ കൊണ്ടുവരാനിരിക്കുന്ന പുതിയ നിയന്ത്രണങ്ങളില്‍ അയവില്ലെങ്കില്‍, സ്‌കോച്ച് വിസ്‌കി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയ നികുതിയിളവുകള്‍ ഇന്ത്യ പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോർട്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഇന്ത്യ ഈ മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഒപ്പുവെച്ച ഇന്ത്യ-യു കെ സ്വതന്ത്ര വ്യാപാര കരാറാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരാനിരിക്കുകയായിരുന്നു.

എന്നാല്‍, സ്വന്തം രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി സ്റ്റീല്‍ ഇറക്കുമതിയുടെ ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുവ വര്‍ദ്ധിപ്പിക്കാനുമാണ് ബ്രിട്ടന്റെ നീക്കം. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് സെക്രട്ടറി ഇന്ത്യയില്‍
ബ്രിട്ടീഷ് വ്യാപാര സെക്രട്ടറി പീറ്റര്‍ കൈല്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാണെന്നും, വലിയ അവസരങ്ങളാണ് ഇത് തുറന്നിടുന്നതെന്നും പീറ്റര്‍ കൈല്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എവിടെയും സ്റ്റീല്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. കൂടാതെ, സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളുടെ ഭാഗമല്ല സ്റ്റീല്‍ എന്നാണ് ഒരു യുകെ ഉദ്യോഗസ്ഥനും വ്യക്തമാക്കിയത്.

എന്തായിരുന്നു വിസ്‌കിയിലെ ഇളവ്?
ഈ വ്യാപാര കരാര്‍ പ്രകാരം സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് ഒറ്റയടിക്ക് 75 ശതമാനമായി കുറയ്ക്കാനായിരുന്നു ഇന്ത്യ സമ്മതിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചിരുന്നു. തുണിത്തരങ്ങള്‍, കാറുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഇരു രാജ്യങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

ലോകത്തെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകളായ ഇന്ത്യയ്ക്കും ബ്രിട്ടനും ഈ കരാര്‍ വ്യവസായ മേഖലകളില്‍ വലിയ നേട്ടമാണ് ഉണ്ടാക്കുക. 2040-ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 25.5 ബില്യണ്‍ പൗണ്ടിന്റെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

ലോക വ്യാപാര സംഘടനയില്‍ പരാതി
ബ്രിട്ടന്റെ പുതിയ സ്റ്റീല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യ ഇതിനോടകം ലോക വ്യാപാര സംഘടനയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, തുര്‍ക്കി, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ബ്രിട്ടന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ബ്രിട്ടീഷ് വിപണിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്നാണ് ഇന്ത്യയുടെ വാദം. നികുതിയില്ലാത്ത ക്വാട്ടകളും ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന തീരുവയും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കിടയില്‍ പുതിയ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരൊറ്റ കരാര്‍ നടപ്പിലാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് ഈ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

X
Top