
ന്യൂഡല്‍ഹി: ജൂലൈ 8 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 8.1 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 580.25 ബില്ല്യണ്‍ ഡോളറിലെത്തി. 15 മാസത്തെ കുറഞ്ഞ നിലവാരമാണിത്. രൂപയുടെ മൂല്യമിടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയ ഇടപെടല്‍ കാരണമാണ് വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുന്നത്.
കറന്‍സി മാര്‍ക്കറ്റിലുള്ള ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിദേശ കറന്‍സി ആസ്തികളില്‍ 6.7 ബില്ല്യണ്‍ കുറവുണ്ടായി. ഇതോടെ വിദേശവിനിമയ കരുതല്‍ ശേഖരം കുറയുകയായിരുന്നു. സ്വര്‍ണ്ണശേഖരത്തില്‍ 1.236 ബില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.
സ്വര്‍ണ്ണശേഖരം 39.186 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്) യിലുള്ള രാജ്യത്തിന്റെ കരുതല്‍ ശേഖരം 49 മില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 4.966 ബില്ല്യണ്‍ ഡോളറായിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള പ്രത്യേക പിന്‍വലിക്കല്‍ അവകാശം 122 ദശലക്ഷം കുറഞ്ഞ് 18.012 ബില്യണായി.
ജൂലൈ 8 വരെ രൂപ 0.5 ശതമാനം കുറവാണ് മൂല്യത്തില്‍ വരുത്തിയത്. ഫെഡ് റിസര്‍വ് പലിശനിരക്കുയര്‍ത്തുന്നത് ഡോളറിനെ ശക്തിപ്പെടുത്തുന്നതാണ് രൂപയുടെ മൂല്യം കുറയ്ക്കുന്നത്. ആഭ്യന്തര വളര്‍ച്ച കുറയുന്ന സാഹചര്യത്തില്‍ വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും രൂപയെ പ്രതികൂലമായി ബാധിച്ചു.
നിലവില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 80 എന്ന നിര്‍ണ്ണായ മേഖലയ്ക്കടുത്താണ്. രൂപയുടെ മൂല്യം ഇനിയുമിടിയുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.