ഇന്ധനച്ചെലവ് കുത്തനെ കൂടുന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യതസമുദ്ര വ്യാപാര മേഖലയ്ക്ക് കരുത്തേകാൻ ഭാരത് മാരിടൈം ഇൻഷ്വറൻസ് പൂൾഅക്ഷയതൃതീയ വിൽപന പൊടിപൊടിച്ചു; വിറ്റത് 2,000 കോടിയുടെ സ്വർണംകേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അംഗീകാരംഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴി

സമുദ്ര വ്യാപാര മേഖലയ്ക്ക് കരുത്തേകാൻ ഭാരത് മാരിടൈം ഇൻഷ്വറൻസ് പൂൾ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ചരക്കുനീക്കം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് ‘ഭാരത് മാരിടൈം ഇൻഷ്വറൻസ് പൂൾ’ (ബിഎംഐ പൂൾ) രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

12,980 കോടി രൂപയുടെ പരമാധികാര ഗാരന്‍റിയോടെയാണ് ഈ ഇൻഷ്വറൻസ് പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഇതനുസരിച്ച് ഇൻഷ്വറൻസ് എടുക്കുന്ന ചരക്ക് കപ്പലുകൾക്ക് പരമാവധി 12,980 കോടി രൂപയുടെ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.

സംഘർഷഭരിതമായ സമുദ്രപാതകളിലൂടെ ചരക്കു കൊണ്ടുപോകുന്ന കപ്പലുകൾക്കു കുറഞ്ഞ നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യവും ആഗോളതലത്തിലെ പ്രതിസന്ധിയും നിമിത്തം ചരക്ക് കപ്പലുകൾക്കുള്ള ഇൻഷ്വറൻസ് പ്രീമിയം കുത്തനെ കൂടുന്നതിനും ഇൻഷ്വറൻസ് ലഭ്യതയിൽ തടസങ്ങൾ നേരിടുന്നതിനും കാരണമാകുന്നുണ്ട്. നിലവിൽ ഇന്ത്യൻ കപ്പലുകൾ ഇൻഷ്വറൻസിനായി വിദേശ ഗ്രൂപ്പുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

ഉപരോധമോ ആഗോള പ്രതിസന്ധിയോ കാരണം വിദേശ ഇൻഷ്വറൻസ് കമ്പനികൾ കപ്പലുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിൽനിന്ന് പിന്മാറിയാലും ഇന്ത്യൻ വ്യാപാരം തടസപ്പെടാതിരിക്കാൻ ഒരു ആഭ്യന്തര സംവിധാനം അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് ബിഎംഐ പൂളിന് കേന്ദ്രസർക്കാർ രൂപം നൽകിയത്.

ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്കും ഇന്ത്യയിലേക്ക് വരുന്നതോ ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകൾക്കും ഈ ഇൻഷ്വറൻസ് സേവനം ലഭ്യമാകും. കപ്പലിന്‍റെ എൻജിൻ, ചരക്ക്, യുദ്ധകാല അപകടങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം സമുദ്ര റിസ്കുകളും ഇതിൽ ഉൾപ്പെടും. പൂളിൽ അംഗങ്ങളായ ഇൻഷ്വറൻസ് കമ്പനികൾ വഴിയാണ് പോളിസികൾ വിതരണം ചെയ്യുക. ഏകദേശം 950 കോടി രൂപയുടെ സംയുക്ത ഇൻഷ്വറൻസ് ശേഷിയാകും ഈ പൂളിന് ഉണ്ടാകുക.

പദ്ധതിയുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനായി ഒരു പ്രത്യേക ഭരണസമിതി രൂപീകരിക്കും. ഇന്ത്യൻ കപ്പൽ ഗതാഗത മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ ക്ലെയിം മാനേജ്മെന്‍റും നിയമപരമായ കാര്യങ്ങളും ഇന്ത്യയിൽത്തന്നെ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

വിദേശരാജ്യങ്ങളുടെ ഉപരോധങ്ങളെ പ്രതിരോധിക്കാനും സമുദ്രവ്യാപാരത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

X
Top