
ന്യൂഡൽഹി: ഇന്ത്യയുടെ പാചകവാതക എൽപിജി ഉപഭോഗം മാർച്ചിൽ കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണത്തിലുണ്ടായ തടസം വീടുകളിലെയും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള പാചകവാതക ലഭ്യതയെ ബാധിച്ചതാണ് മാർച്ചിലെ ഉപഭോഗം കുത്തനെ താഴാൻ കാരണമായത്. ഉപഭോഗത്തിൽ 13 ശതമാനത്തിന്‍റെ ഇടിവാണുണ്ടായതെന്ന് ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയവളിലെ എൽപിജി ഉപയോഗം 2.729 മില്യണായിരുന്നു. ഇതിൽനിന്ന് 12.8 ശതമാനം കുറഞ്ഞ് ഈ മാർച്ചിൽ 2.379 മില്യണിലെത്തി.
ഇന്ത്യ തങ്ങളുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിൽ വലിയൊരു പങ്കും ഹോർമുസ് കടലിടുക്ക് വഴിയാണെത്തുന്നത്. എന്നാൽ, ഇറാനെതിരേയുള്ള യുഎസിന്‍റെയും ഇസ്രയേലിന്‍റെയും ആക്രമണങ്ങളെത്തുടർന്നും ഇറാന്‍റെ തിരിച്ചടിയെത്തുടർന്നും നിലവിൽ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്.
സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്നുള്ള വിതരണത്തിൽ തടസം നേരിട്ടിരിക്കുന്നതിനാൽ വീടുകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ ഹോട്ടലുകൾ, വ്യവസായ കേന്ദ്രങ്ങൾ പോലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എൽപിജി വിതരണം വെട്ടിക്കുറച്ചു.
ഓയിൽ മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്‍റെ (പിപിഎസി) കണക്കുകൾ പ്രകാരം മാർച്ചിൽ ഗാർഹിക ആവശ്യങ്ങൾക്കു വിതരണം ചെയ്ത എൽപിജി സിലിണ്ടറുകളുടെ അളവ് മാർച്ചിൽ 8.1 ശതമാനം കുറഞ്ഞ് 2,219 മില്യണ്‍ ടണ്ണായി.
ഗാർഹികേതര ഉപയോക്താക്കൾക്കായുള്ള വിതരണത്തിൽ ഏകദേശം 48 ശതമാനത്തിന്‍റെ കുറവുണ്ടായി. ബൾക്ക് എൽപിജി വിൽപ്പനയിൽ 75.5 ശതമാനത്തിന്‍റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
എൽപിജി വിതരണം സാധാരണ നിലയിലാണെന്നും ഗാർഹിക ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുണ്ടെന്നുമുള്ള സർക്കാരിന്‍റെ അവകാശവാദങ്ങൾക്കു വിരുദ്ധമായാണ് കുറഞ്ഞ ഉപയോഗം കാണിക്കുന്ന പിപിഎസി കണക്കുകൾ.
ആഭ്യന്തര ഉത്പാദനം ഉയർന്നു
എൽപിജി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാൻ എൽപിജി ഉത്പാദനം വർധിപ്പിക്കാനായി പെട്രോകെമിക്കൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ സർക്കാർ റിഫൈനറികൾക്കു നിർദേശം നൽകി. പിപിഎസിയിൽനിന്നുള്ള വിവരങ്ങൾ പ്രകാരം ഇത് ആഭ്യന്തര എൽപിജി ഉത്പാദനം കഴിഞ്ഞ വർഷത്തെ 1.1 മില്യണ്‍ ടണ്ണിൽനിന്ന് ഈ മാർച്ചിൽ 1.4 മില്യണ്‍ ടണ്ണായി ഉയർന്നു.
ഈ മുന്നേറ്റം കാരണം 2025-26 സാമ്പത്തികവർഷത്തിൽ (2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ) ആകെ എൽപിജി ഉത്പാദനം 13.1 മില്യണ്‍ ടണ്ണായി ഉയർന്നു. മുൻപത്തെ രണ്ടു സാമ്പത്തികവർഷങ്ങളിൽ ഇത് 12.8 മില്യണ്‍ ടണ്ണായിരുന്നു.
മാർച്ചിലെ കണക്ക് മാറ്റനിർത്തിയാൽ മാർച്ചിൽ അവസാനിച്ച സാന്പത്തികവർഷത്തിൽ എൽപിജി ഉപഭോഗം ആറു ശതമാനത്തം വർധിച്ച് 33.212 മില്യണ്‍ ടണ്ണിലെത്തി.
ഇന്ധന ഉപഭോഗത്തിൽ സമ്മിശ്ര പ്രതികരണം
ഗൾഫ് രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങൾ കാരണം മാർച്ചിൽ വിമാനം ഇന്ധന ഉപഭോഗം 8,07,000 ടണ്ണിലെത്തി. മുൻ വർഷം ഇതേകാലയളവിൽ 80,1000 ടണ്‍ ആയിരുന്നു വില്പന.
പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യകതയിൽ വലിയ വർധനയുണ്ടായി. പെട്രോൾ വില്പന 7.6 ശതമാനം ഉയർന്ന് 3.78 മില്യണ്‍ ടണ്ണിലെത്തി. ഡീസൽ ഉപഭോഗം 8.1 ശതമാനം വർധിച്ച് 8.727 മില്യൺ ടണ്ണായി ഉയർന്നു.
വ്യവസായ ആവശ്യങ്ങൾക്കുള്ള ഇന്ധനങ്ങളിൽ നാഫ്ത്തയുടെ ഉപയോഗം 9.9 ശതമാനമായും ഫ്യുവൽ ഓയിൽ 1.4 ശതമാനമായും കുറഞ്ഞു. എന്നാൽ, റോഡ് നിർമാണത്തിനാവശ്യമായി ബിറ്റുമിന്‍റെ ഉപഭോഗത്തിൽ 2025-26 സാമ്പത്തികവർഷത്തിൽ മൂന്നു ശതമാനം വർധനയോടെ 8.84 മില്യണ്‍ ടണ്ണിലെത്തി.






