
ന്യൂഡൽഹി: ഇന്ത്യ-ചൈന അരി വ്യാപാര തർക്കം പുതിയൊരു വഴിത്തിരവിൽ. ഇന്ത്യയിൽ നിന്നുള്ള മൂന്ന് അരി കയറ്റുമതി കമ്പനികളുടെ ഇറക്കുമതി ലൈൻസസ് ചൈനീസ് അധികൃതർ റദ്ദാക്കിയതായി ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചു. ഈ കമ്പനികൾ അയച്ച അരിയിൽ ജനിതകമാറ്റം വരുത്തിയ (ജിഎംഒ) ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസം മുമ്പ് ചരക്ക് തിരിച്ചയച്ചിരുന്നു.
അടുത്തകാലത്ത് ആദ്യമായാണ് ഇന്ത്യൻ അരി കയറ്റുമതിക്കാരുടെ വ്യാപാര ലൈസൻസുകൾ ചൈന റദ്ദാക്കുന്നത്. ലോകത്തെ മുൻനിര അരി കയറ്റുമതിക്കാരായ ഇന്ത്യയെ സംബന്ധിച്ച് ഈ നടപടി വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് വ്യാപാരികൾ കരുതുന്നത്.
കൂടാതെ ഇന്ത്യയിൽ ജനിതക മാറ്റം വരുത്തിയ നെൽക്കൃഷിക്ക് നിയമപരമായ അനുമതി ഇല്ലാതിരിക്കേ ഇന്ത്യയിൽനിന്ന് ജനിതക മാറ്റം വരുത്തിയ അരി അയച്ചുവെന്ന ചൈനയുടെ വാദം വലിയ ചോദ്യങ്ങൾ ഉയർത്തുന്നതായിരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നാഗ്പുരിൽനിന്നുള്ള ശ്രീറാം ഫുഡ് ഇൻഡസ്ട്രി, റായ്പുർ ആസ്ഥാനമായുള്ള സ്പോണ്‍ എന്‍റർപ്രൈസസ്, ഹരിയാനയിൽനിന്നുള്ള എൻഎം ഫുഡ്ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കന്പനികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. ഈ കമ്പനികൾ കഴിഞ്ഞ മാസം അയച്ച പൊടിയരി ജനിതകമാറ്റം വരുത്തിയതാണെന്ന് ആരോപിച്ച് ചൈനീസ് അധികൃതർ ചരക്ക് തിരിച്ചയച്ചിരുന്നു.
വിശാഖപട്ടണത്ത് ലാബ് സൗകര്യമുള്ള ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഏജൻസി കപ്പൽ പുറപ്പെടും മുമ്പ് ഈ അരിയിൽ നോണ്‍ ജിഎംഒ സർട്ടിഫിക്കറ്റ് നല്കിയിരുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോഴാണ് ചൈനീസ് അധികൃതരുടെ നടപടി വിവാദമാകുന്നത്.
ഈ മൂന്നു കമ്പനികളുടെയും കേന്ദ്രങ്ങൾ പരിശോധിച്ച് ഇത് ജനിതകമാറ്റം വരുത്തിയ അരിയാണോയെന്ന് പരിശോധിക്കാൻ ഇന്ത്യയുടെ ഒൗദ്യോഗിക കാർഷിക കയറ്റുമതി പ്രോത്സാഹന ഏജൻസിയോട്- അഗ്രികൾച്ചർ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അഥോറിറ്റി (എപിഇഡിഎ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എപിഇഡിഎയുടെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ റദ്ദാക്കിയ നടപടിയിൽ പുനഃപരിശോധന നടത്തൂ. അരിമില്ലുകൾ നെല്ല് സംസ്കരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും എപിഇഡിഎ അന്വേഷണം നടത്തേണ്ടത് വിത്തുത്പാദകരിലോ കർഷകരിലോ ആണെന്നാണ് കയറ്റുമതിക്കാർ പറയുന്നത്.
വാണിജ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എപിഇഡിഎയുടെ പരിശോധ നടപടികൾ പൂർത്തിയാക്കാൻ ദീർഘകാലമെടുത്തേക്കാം. അതുവരെ ഈ കമ്പനികൾക്ക് കയറ്റുമതി ചെയ്യാനാവില്ല. ഇന്ത്യൻ അരി കയറ്റുമതിക്ക് മാത്രമാണ് ചൈന കർശനമായ നോണ്‍ ജിഎംഒ നിബന്ധനവയ്ക്കാറുള്ളൂവെന്നും പാക്കിസ്ഥാനിൽനിന്നുള്ള കയറ്റുമതിക്ക് ഇത്തരം നടപടികൾ ഇല്ലെന്നുമാണ് കയറ്റുമതിക്കാരുടെ വാദം.
ചൈന ഈ റദ്ദാക്കൽ നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇന്ത്യൻ സർക്കാരും സമാനരീതിയിലുള്ള നടപടികളിലേക്ക് കടന്നേക്കാമെന്നാണ് വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലൈസൻസ് റദ്ദാക്കൻ ചൈന മുന്നോട്ടുവച്ച കാരണങ്ങൾ നിയമപരമല്ലെന്നാണ് ഇവരുടെ വാദം.






