ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്

റെപ്പോ നിരക്ക് കുറച്ചത് ഡെറ്റ് ഫണ്ട് നിക്ഷേപകരെ എങ്ങനെ ബാധിക്കും?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റെപ്പോ നിരക്ക് അരശതമാനവും ധന കരുതൽ അനുപാതം (ക്യാഷ് റിസർവ് റേഷ്യോ) ഒരു ശതമാനവും കുറയ്ക്കാൻ തീരുമാനിച്ചത് ഡെറ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ഗുണകരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റെപ്പോ നിരക്ക് 5.50 ശതമാനമായി കുറച്ചതിനു പുറമേ ധന കരുതൽ അനുപാതം ഒരു ശതമാനം കുറക്കുകയും ചെയ്യുന്നതോടെ ഹ്രസ്വകാല പലിശ നിരക്കുകൾ ഇനിയും കുറയാനാണ് സാധ്യത. ഇത് ഡെറ്റ് ഫണ്ട് നിക്ഷേപകർക്ക് താരതമ്യേന ഉയർന്ന നേട്ടം ലഭിക്കുന്നതിന് വഴിയൊരുക്കും. പലിശ നിരക്ക് കുറക്കാനും ധനലഭ്യത ഉയർത്താനും ഏറെ സഹായകമായ തീരുമാനങ്ങളാണ് ആർബിഐ കൈകൊണ്ടത്.

ധന കരുതൽ അനുപാതം നാല് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറക്കുന്നത് വഴി 2.5 ലക്ഷം കോടി രൂപയുടെ ധനലഭ്യത ബാങ്കിംഗ് സംവിധാനത്തിൽ കൂടുതലായി കൊണ്ടുവരാൻ ആകും. റെപ്പോ നിരക്ക് അര ശതമാനം കുറച്ച സാഹചര്യത്തിൽ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്.

ഈ വർഷം റിസർവ് ബാങ്ക് തുടർച്ചയായി രണ്ടുതവണ റെപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകളും പടിയിറങ്ങിയിരുന്നു. ഇനി പടിയിറക്കം കൂടുതൽ ശക്തമാവാനാണ് സാധ്യത.

ഈ സാഹചര്യം നിശ്ചിത നേട്ടം ലക്ഷ്യമാക്കി ബാങ്കുകളിൽ നിക്ഷേപം നടത്തുന്നവർക്ക് പ്രതികൂലമാണ്. അതേ സമയം ബാങ്കുകളുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് പകരം മ്യൂച്വൽ ഫണ്ടുകളുടെ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ കൂടുതൽ ഉയർന്ന നേട്ടം ഇത്തരം നിക്ഷേപകർക്ക് നേടിയെടുക്കാൻ ആകും.

കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളെയാണ് ഡെറ്റ് ഫണ്ടുകൾ എന്ന് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ 260ലേറെ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ ഉയർന്ന നേട്ടം നൽകിയിട്ടുണ്ട്.

നികുതി ബാധ്യത കണക്കിലെടുക്കുമ്പോഴും ഉയർന്ന നേട്ടത്തിനുള്ള സാധ്യത പരിഗണിക്കുമ്പോഴും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളക്കോൾ അനുയോജ്യമായ നിക്ഷേപ മാർഗം ഡെറ്റ് ഫണ്ടുകളാണ്.

ഡെറ്റ്‌ ഫണ്ടുകള്‍ മുഖ്യമായും സ്ഥിരവരുമാനത്തില്‍ അധിഷ്‌ഠിതമായ കടപ്പത്രങ്ങളിലാണ്‌ നിക്ഷേപം നടത്തുന്നത്‌. ഇത്തരം കടപ്പത്രങ്ങളെ ഡിബെഞ്ചര്‍, ബോണ്ട്‌, മണി മാര്‍ക്കറ്റ്‌ ഇന്‍സ്‌ട്രുമെന്റ്‌ (കമ്മേഴ്‌സ്യല്‍ പേപ്പര്‍, സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ ഡെപ്പോസിറ്റ്‌സ്‌, ട്രഷറി ബില്‍), സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ (ഗില്‍റ്റ്‌ പേപ്പര്‍) എന്നിങ്ങനെ തരം തിരിക്കാം.

നിക്ഷേപത്തിന്റെ കാലദൈര്‍ഘ്യം, ഫണ്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഘടന (ക്ലോസ്‌ഡ്‌ എന്‍ഡഡ്‌ ഫണ്ടുകളും ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടുകളുമുണ്ട്‌. നിശ്ചിത കാലയളവ്‌ വരെ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടവയാണ്‌ ക്ലോസ്‌ഡ്‌ എന്‍ഡഡ്‌ ഫണ്ടുകള്‍. എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുന്നവയാണ്‌ ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടുകള്‍.)

ഫണ്ട്‌ മാനേജര്‍മാര്‍ നടത്തുന്ന കടപ്പത്രങ്ങളുടെ തെരഞ്ഞെടുപ്പ്‌ തുടങ്ങിയവ ഫണ്ടിന്റെ നേട്ടത്തെ ബാധിക്കുന്ന ഘടകങ്ങളാണ്‌. ബാങ്ക്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന നേട്ടം ലഭ്യമാകുന്നതിനുള്ള മാര്‍ഗം അനുയോജ്യമായ ഡെറ്റ്‌ ഫണ്ടുകള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കുകയാണ്‌.

ബാങ്ക്‌ സ്ഥിരനിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ നികുതി ബാധ്യത കുറവാണെന്നതും ഡെറ്റ്‌ ഫണ്ടുകളുടെ സവിശേഷതയാണ്‌.

X
Top