
കൊച്ചി: ഒരാഴ്ചയായി ഓഹരി വിപണി തകര്‍ച്ചയിലാണ്. ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് ഇടിവ് നേരിട്ടതും മാന്ദ്യഭീതിയും വിദേശനിക്ഷേപകരുടെ പിന്മാറ്റവുമാണ് കാരണം. എന്നാല്‍ തകര്‍ച്ച അധികനാള്‍ നീളില്ലെന്ന് പ്രവചിക്കുകയാണ് വിശകലനവിദഗ്ധര്‍.
അടിസ്ഥാന കാര്യങ്ങള്‍ ശക്തമാണെന്നും ആരോഗ്യകരമായ മൂല്യനിര്‍ണ്ണയമാണുള്ളതെന്നും അവര്‍ പറയുന്നു. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല. പക്ഷെ വിപണി അതിനുള്ള വില ഇതിനോടകം നല്‍കി കഴിഞ്ഞു.
അനുകൂല ആഭ്യന്തര സാഹചര്യങ്ങള്‍
ആഗോള സൂചികകള്‍ നിലം പൊത്തിയപ്പോഴും ഇന്ത്യന്‍ വിപണിയെ പിടിച്ചുനിര്‍ത്തിയത് ആഭ്യന്തര സാഹചര്യങ്ങളായിരുന്നു. ഉയരുന്ന ഡിമാന്റ്, മികച്ച ജിഡിപി വളര്‍ച്ച നിരക്ക്, ചരക്കുവിലയെ കുറവ് എന്നിവ സഹായകരമായി. ഈ അനൂകൂല ഘടകങ്ങള്‍ തുടര്‍ന്നും തുണയാകുമെന്ന് മോതിലാല്‍ ഓസ്വാള്‍ ഗവേഷണ തലവന്‍ സിദ്ദാര്‍ത്ഥ് ഖേമ പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ എസ്ആന്റ്പി500 24 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ നിഫ്റ്റിയുടെ താഴ്ച 4 ശതമാനം മാത്രമാണ്. 200 ദിന മൂവിംഗ് ആവറേജിന് താഴെയാണെങ്കിലും 16,800 ല്‍ നിഫ്റ്റിയ്ക്ക് ശക്തമായ പിന്തുണ ലഭിക്കും. അതേസമയം 2-5 ശതമാനം ഇടിവ് ഇനിയും പ്രതീക്ഷിക്കാം.
കരുതലെടുക്കണം
ആഗോള സൂചികകളെ വെല്ലുന്ന പ്രകടനം തുടരുമെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വികെ വിജയ്കുമാറും പറയുന്നു. എന്നാല്‍ ഇടിവില്‍ വാങ്ങുക എന്നതില്‍ നിന്നും റാലിയില്‍ വില്‍ക്കുക എന്നതായിരിക്കുന്നു വിപണി മന്ത്രം. അതിനാല്‍ നിക്ഷേപകര്‍ ജാഗരൂകരാകണം.
റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം ബാങ്ക് നിഫ്റ്റി ഇതിനോടകം 8 ശതമാനം തിരുത്തല്‍ വരുത്തി. അതേസമയം രൂപയുടെ മൂല്യമിടിവ് ഐടി മേഖലയ്ക്ക് തുണയാകുന്നു. സൂചിക താഴുന്ന മുറയ്ക്ക് വാഹനം, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ കരസ്ഥമാക്കാവുന്നതാണ്.






