ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം തുക കുറഞ്ഞേക്കുമെന്നും സൂചന. ജിഎസ്ടി നിരക്കിലുണ്ടാകുന്ന മാറ്റമാണ് പ്രീമിയം തുകയിൽ കുറവ് വരുത്തുക. ജിഎസ്ടി കൗൺസിൽ ജിഎസ്ടി നിരക്ക് കുറച്ചാൽ ഇൻഷുറൻസ് ചെലവ് കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോകസഭയിൽ പറഞ്ഞു.
ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമഗ്രമായി പരിശോധിക്കാൻ മന്ത്രിമാരുടെ സംഘം രൂപികരിക്കാൻ സെപ്തംബർ 9 ലെ കൗൺസിൽ യോഗം ശുപാർശ ചെയ്തിട്ടുണ്ട്.
ജിഎസ്ടി കുറയ്‌ക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭിക്കും. കാരണം നിരവധി കമ്പനികളുള്ള മത്സരാധിഷ്ഠിത വിപണിയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്കുള്ള പ്രീമിയത്തിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. ഡിസംബർ 21നാണ് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം.
ഇൻഷുറൻസ് പ്രീമിയത്തിൻ മേലുള്ള ജിഎസ്ടി കുറയ്‌ക്കുന്നതിമായി ബന്ധപ്പെട്ട മന്ത്രിതല റിപ്പോർട്ട് യോഗത്തിൽ പരിഗണിക്കും.
2023-24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഹെൽത്ത് കെയർ, ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്ന് 16,398 കോടി രൂപയാണ് ജിഎസ്ടി യായി പിരിച്ചെടുത്തത്.
ഇതിൽ ലൈഫ് ഇൻഷുറൻസിൽ നിന്ന് 8,135 കോടിയും ആരോഗ്യ ഇൻഷുറൻസിൽ നിന്ന് 8,263 കോടിയും ഉൾപ്പെടുന്നു. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ വിഭാഗത്തിലെ റീ-ഇൻഷുറൻസിൽ നിന്ന് 2,045 കോടി രൂപ ജിഎസ്ടിയായി സമാഹരിച്ചു.
ഇതിൽ ലൈഫ് റീ ഇൻഷുറൻസിൽ നിന്ന് 561 കോടി രൂപയും ആരോഗ്യ പരിരക്ഷയിൽ നിന്ന് 1,484 കോടി രൂപയും ഉൾപ്പെടുന്നു