
ചെന്നൈ: സ്വർണവായ്പയിൽ വൻ മുന്നേറ്റവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ സ്വർണവായ്പയുടെ 80 ശതമാനവും എടുത്തിരിക്കുന്നത് കേരളം അടങ്ങുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പൊതുമേഖല ബാങ്കുകൾ 11.31 ലക്ഷം കോടി രൂപയുടെ സ്വർണവായ്പയാണ് വിതരണം ചെയ്തത്.
ഇതിൽ 9 ലക്ഷം കോടി രൂപയും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. 80 ശതമാനം.
83,657 കോടി രൂപയുടെ വായ്പയുമായി കേരളം അഞ്ചാം സ്ഥാനത്താണ്. 4.11 ലക്ഷം കോടി രൂപയുടെ വായ്പ സ്വീകരിച്ച തമിഴ്നാടാണ് കൂട്ടത്തിൽ ഒന്നാമത്. 2.22 ലക്ഷം കോടി രൂപയുമായി ആന്ധ്രപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. 98,962 കോടി രൂപയുമായി കർണാടക, 92,394 കോടി രൂപയുമായി തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലെന്നും കേന്ദ്രധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
സ്വർണവിലയിലുണ്ടായ മുന്നേറ്റമാണ് രാജ്യത്തെ സ്വർണവായ്പകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ വായ്പകൾ വർധിച്ചെങ്കിലും ലോൺ-ടു-വാല്യു അനുപാതവും കിട്ടാക്കടങ്ങളും കുറഞ്ഞു. സ്വർണവായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ കുത്തനെ ഇടിഞ്ഞു. 2025 മാർച്ചിലെ കണക്ക് അനുസരിച്ച് പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 1.9 ശതമാനമായിരുന്നു. അല്ലെങ്കിൽ സ്വർണപ്പണയ വായ്പ സ്വീകരിച്ച 1000 പേരിൽ ശരാശരി 1.9 പേരും തിരിച്ചടച്ചിരുന്നില്ല.
2026 മാർച്ചിൽ ഇത് 1.2 ആയി കുറഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ 2025ൽ ആയിരത്തിൽ 23 പേരാണ് തിരിച്ചടവ് മുടക്കിയത്. ഇക്കൊല്ലം ഇത് ആയിരത്തിൽ 8 പേരായി ചുരുങ്ങി. ഇത് സ്വർണവിലയിലെ കയറ്റിറങ്ങളിൽ സാമ്പത്തിക സ്ഥാപനങ്ങളെ സംരക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഗ്രാമീണ ജനതയ്ക്കും ചെറുകിട സംരംഭങ്ങൾക്കും എളുപ്പത്തിൽ വായ്പ ലഭ്യമാക്കാനുള്ള അവസരമായി സ്വർണവായ്പ മാറിയതായും റിപ്പോർട്ട് പറയുന്നു. കൂടുതൽ ആളുകൾ ബാങ്കിങ് സംവിധാനത്തിലേക്കു എത്താനും വായ്പകളെടുക്കാനും ഇത് കാരണമായി.
ഉപഭോക്താക്കളെ സംരക്ഷിക്കാനായി നിരവധി നിയന്ത്രണങ്ങളും ഈ കാലയളവിൽ റിസർവ് ബാങ്ക് നടപ്പിലാക്കി. തിരിച്ചടവ് മുടങ്ങിയ വായ്പ ലേലത്തിലേക്കു പോകും മുൻപ് ആവശ്യത്തിന് സമയം നൽകണം.
നോട്ടിസ് നൽകി ഒരു മാസം കഴിഞ്ഞു മാത്രമേ ലേലനടപടി ആരംഭിക്കാവൂ തുടങ്ങിയ നിർദേശങ്ങൾ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.






