
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം പ്രതിസന്ധി തീർത്തപ്പോൾ ഇന്ത്യ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കുതിച്ചുചാട്ടം നടത്തിയെന്ന് റിപ്പോർട്ട്. ഒരു ഡസൻ രാജ്യങ്ങളിലേക്കെങ്കിലും കയറ്റുമതി വൻതോതിൽ വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളുടെ ബലത്തിൽ കയറ്റുമതി കുത്തനെ കൂട്ടാൻ കഴിഞ്ഞതോടെ സിംഗപ്പൂർ, ഇന്ത്യൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യമായി.
2025ന്റെ ഒന്നാം പാദത്തിൽ 324 കോടി ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്തതെങ്കിൽ ഈ വർഷം ഒന്നാം പാദത്തിൽ ഇത് 650 കോടി ഡോളറായി കുത്തനെ കൂടി. ഇതിൽ 427 കോടി ഡോളറും പെട്രോളിയം ഉൽപന്നങ്ങളായിരുന്നു. മുൻവർഷം ഇതേകാലയളവിൽ ഇത് 128 കോടി ഡോളർ മാത്രമായിരുന്നു.
കയറ്റുമതി വൻ തോതിൽ വർധിച്ചതോടെ ദക്ഷിണാഫ്രിക്കയും ടാൻസനിയായും ഇന്ത്യ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ 10 രാജ്യങ്ങളുടെ പട്ടികയിലെത്തി. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ കൂടാതെ, ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ഈ കാലഘട്ടത്തിൽ ഇന്ധനം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾക്കായി ഇന്ത്യയെ വലിയതോതിൽ ആശ്രയിച്ചു.
ജോർദാൻ, ശ്രീലങ്ക, മലേഷ്യ, കെനിയ, തുർക്കി, ഹോങ്കോങ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കും ഈ കാലഘട്ടത്തിൽ ഇന്ത്യൻ കയറ്റുമതിയിൽ വൻ വർധനയുണ്ടായി. ഹോങ്കോങ്ങും വിയറ്റ്‌നാമും ഒഴികെ മിക്ക രാജ്യങ്ങളും ഇന്ധനങ്ങൾക്കായാണ് ഇന്ത്യയെ പ്രധാനമായും ആശ്രയിച്ചത്. രാജ്യത്തുനിന്ന് പുറത്തേക്കു വലിയതോതിൽ ഇന്ധനങ്ങൾ ഒഴുകുന്നത് തടയാൻ സർക്കാർ നികുതി (വിൻഡ്ഫാൾ ടാക്സ്) വലിയതോതിൽ കൂട്ടിയിരുന്നു.
സിംഗപ്പൂർ കഴിഞ്ഞാൽ ഇന്ധനം ഇറക്കുമതി കൂടുതൽ ടാൻസാനിയയിലേക്കാണ്. 2026ന്റെ ആദ്യപാദം 222 കോടി ഡോളറിന്റെ ഇന്ധനങ്ങളാണ് അവർ ഇന്ത്യയിൽ നിന്നു വാങ്ങിയത്. മുൻവർഷം ഇതേ കാലയളവിൽ 69 കോടി ഡോളറിന്റേതായിരുന്നു.
സൗത്ത് ആഫ്രിക്കയിലേക്കുള്ള കയറ്റുമതി 65 കോടി ഡോളറിൽ നിന്ന് 171 കോടി ഡോളറായി ഉയർന്നു. ശ്രീലങ്കയുടെ കാര്യത്തിൽ ഇത് 16 കോടി ഡോളറിൽ നിന്ന് 75 കോടി ഡോളറായി. മലേഷ്യ 40 കോടി ഡോളറിൽ നിന്ന് 86 കോടി ഡോളറായി. കെനിയ ഈ കാലയളവിൽ 81 കോടി ഡോളറിന്റെ ഇന്ധനം വാങ്ങി. മുൻവർഷം ഇത് 39 കോടി ഡോളറായിരുന്നു.
തുർക്കിയുടെ കാര്യത്തിൽ ഇത് 40 ലക്ഷം ഡോളറിൽ നിന്ന് 24 കോടി ഡോളറായി. ഏതാണ്ട് 5,800% വർധന.






