
മുംബൈ: തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ അറ്റ നിക്ഷേപത്തിന് ശേഷം 2022 ല്‍ വിദേശ നിക്ഷേപകര്‍ അറ്റ വില്‍പനക്കാരായി. എക്കാലത്തേയും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് നടപ്പ് വര്‍ഷത്തില്‍ പിന്‍വലിക്കപ്പെട്ടത്. 1.21 ലക്ഷം കോടി രൂപ.
2008 ലെ 53,000 കോടി രൂപയാണ് ഇതിന് മുന്‍പത്തെ വലിയ അറ്റ വില്‍പന. കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധനവിലേര്‍പ്പെട്ടതും കൂഡ് വിലയിലെ ചാഞ്ചാട്ടവും റഷ്യ-ഉക്രൈന്‍ യുദ്ധവും ചരക്ക് വില വര്‍ധനവുമാണ് വിദേശ നിക്ഷേപകരെ അകറ്റിയത്. ഡിസംബര്‍ 28 വരെ, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് 1.21 ലക്ഷം കോടി രൂപ (ഏതാണ്ട് 16.5 ബില്യണ്‍ ഡോളര്‍)യാണ് പിന്‍വലിച്ചത്.
ഡെബ്റ്റ് മാര്‍ക്കറ്റില്‍ നിന്ന് ഏകദേശം 16,600 കോടി രൂപ (2 ബില്യണ്‍ ഡോളര്‍)യും പിന്‍വലിക്കപ്പെട്ടു. 2021 ല്‍ എഫ്പിഐകള്‍ 25,752 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയപ്പോള്‍ 2020 ല്‍ ഇത് 1.7 ലക്ഷം കോടി രൂപയും 2019 ല്‍ 1.01 ലക്ഷം കോടി രൂപയുമായിരുന്നു. അതേസമയം 2018 ല്‍ 33,000 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്.
നടപ്പ് വര്‍ഷത്തോടെ ചരിത്രത്തിലെ അഞ്ചാമത്തെ പ്രതിവര്‍ഷ അറ്റവില്‍പനയാണ് നടന്നത്. 2018-30,000 കോടി രൂപ 2011 (27,000 കോടി രൂപ), 2008 ( 53,000 കോടി രൂപ), 1998 (740 കോടി രൂപ) എന്നിങ്ങനെയാണ് മുന്‍ പ്രതിവര്‍ഷ അറ്റ വില്‍പന. 2022 ല്‍ 16,600 കോടി രൂപ പിന്‍വലിക്കപ്പെട്ടതോടെ കട വിപണിയിലെ എഫ്പിഐ പിന്‍മാറ്റം മൂന്നാം വര്‍ഷവും തുടര്‍ന്നു.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തോത് അടുത്തവര്‍ഷം കുറയുമെന്ന് സാങ്ടം വെല്‍ത്തിലെ മനീഷ് ജെലോക പറയുന്നു. യു.എസ് ഫെഡ് റിസര്‍വ്, എണ്ണവില, ആഗോള രംഗത്തെ ചലനങ്ങള്‍ എന്നീ ഘടകങ്ങളായിരിക്കും വിദേശപോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുക എന്നാണ് ബജാജ് കാപിറ്റലിലെ സഞ്ജീവ് ബജാജിന്റെ വിലയിരുത്തല്‍.






