ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

ഇന്ത്യന്‍ ആശുപത്രികളിലേക്ക് ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം

മുംബൈ: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 1000 കോടി ഡോളറെന്ന് റിപ്പോര്‍ട്ട് (ഏകദേശം 96,000 കോടി രൂപ). വിദേശ ഫണ്ടുകള്‍ എത്തിയതോടെ പുതിയ കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളുമായി ആശുപത്രികള്‍ മുഖം മിനുക്കി.

ബ്ലാക്ക്‌സ്റ്റോണ്‍, കെകെആര്‍, ടിപിജി, ജനറല്‍ അറ്റ്‌ലാന്റിക് തുടങ്ങിയ വമ്പന്‍ ആഗോള നിക്ഷേപകരാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ആശുപത്രികളില്‍ പണം മുടക്കിയിരിക്കുന്നത്. രാജ്യത്തെ മൊത്തം ആശുപത്രി കിടക്കകളുടെ 5 ശതമാനത്തില്‍ താഴെ മാത്രമാണ് ഈ വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ കയ്യിലുള്ളതെങ്കിലും ഉയര്‍ന്ന ലാഭം കിട്ടുന്ന ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ചികിത്സാ വിഭാഗങ്ങളില്‍ ഇവരുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ്.

ഇതോടെ ആശുപത്രികളുടെ വരുമാനവും മൂല്യവും കുത്തനെ വര്‍ദ്ധിച്ചു. എന്നാല്‍ വിദേശ മൂലധനം നിയന്ത്രണമില്ലാതെ ഒഴുകിയെത്തുന്നത് ഇടത്തരം ആശുപത്രികളെ വമ്പന്മാര്‍ വിഴുങ്ങാന്‍ കാരണമാകുന്നുവെന്ന് അടുത്തിടെ ഒരു പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യമേഖലയിലെ വിദേശ നിക്ഷേപ ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്നും വില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മില്‍ പോര്
വന്‍കിട ആശുപത്രികള്‍ ബില്ല് കുത്തനെ കൂട്ടുകയാണെന്നും അനാവശ്യമായി ചെലവേറിയ ചികിത്സകള്‍ (ഉദാഹരണത്തിന് റോബോട്ടിക് സര്‍ജറികള്‍) അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോപിക്കുന്നത്.

എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുക നല്‍കാന്‍ വൈകുന്നതും കുറഞ്ഞ തുക മാത്രം അനുവദിക്കുന്നതുമാണ് തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ തിരിച്ചടിക്കുന്നു.

എന്തുകൊണ്ട് ഇന്ത്യ?
ഇന്ത്യയില്‍ 1000 പേര്‍ക്ക് 1.3 ആശുപത്രി കിടക്കകള്‍ മാത്രമാണുള്ളത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പരിതാപകരമായ അവസ്ഥയാണിത്. ജീവിതശൈലീ രോഗങ്ങള്‍ കൂടിയതോടെ വിദഗ്ധ ചികിത്സയ്ക്കുള്ള ആവശ്യകതയും വര്‍ദ്ധിച്ചു.

ഈ സാഹചര്യമാണ് വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചത്. മികച്ച സൗകര്യങ്ങളൊരുക്കാന്‍ 3200 കോടി ഡോളറിന്റെ (ഏകദേശം 3 ലക്ഷം കോടി രൂപ) നിക്ഷേപമെങ്കിലും ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നാണ് 2021-ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ ആശുപത്രികളും വിദേശ നിക്ഷേപവും
2024 ജൂലൈയില്‍ കേരളത്തിലെ പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയലില്‍ കെകെആര്‍ നിക്ഷേപം നടത്തിയിരുന്നു. 1000 കിടക്കകളുണ്ടായിരുന്ന ആശുപത്രി ഏറ്റെടുക്കലുകളിലൂടെ വലിയ വളര്‍ച്ച നേടി.

2026 സാമ്പത്തിക വര്‍ഷത്തില്‍ 600 കോടി രൂപയുടെ വരുമാനമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ 140 കോടി ഡോളറിന് (ഏകദേശം 13,440 കോടി രൂപ) സ്വീഡിഷ് ഗ്രൂപ്പായ മെഡിക്കോവറിന്റെ ഇന്ത്യന്‍ ആശുപത്രികളും കെകെആര്‍ ഏറ്റെടുത്തു. ഇതോടെ ദക്ഷിണേന്ത്യയില്‍ മാത്രം അവര്‍ക്ക് 10,000 കിടക്കകളാകും.

കീശ കീറി രോഗികള്‍
ഇന്ത്യയിലെ മെഡിക്കല്‍ പണപ്പെരുപ്പം പ്രതിവര്‍ഷം 13% എന്ന നിരക്കിലാണ് കുതിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ ആശുപത്രികളില്‍ അഞ്ചു മുതല്‍ പത്തിരട്ടി വരെയാണ് ചികിത്സാച്ചെലവ്.

ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും മുഴുവന്‍ തുകയും ലഭിക്കാത്ത അവസ്ഥയാണ്. ചികിത്സാച്ചെലവ് ഇങ്ങനെ കുതിച്ചുയരുകയും ഇന്‍ഷുറന്‍സ് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്താല്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഇടത്തരക്കാരാകും ഇതിന്റെ ഏറ്റവും വലിയ ഇരകളെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

X
Top