
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പൊതുമേഖലാ കമ്പനികളിലുള്ള തങ്ങളുടെ വിശ്വാസം നിലനിര്‍ത്തി. ഈ വര്‍ഷം അവര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 2.27 ലക്ഷം കോടി രൂപ പിന്‍വലിച്ചിട്ടും ലിസ്റ്റ് ചെയ്‌ത 50 പൊതുമേഖലാ കമ്പനികളില്‍ മുപ്പതിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണ് ചെയ്‌തത്. നാഷണല്‍ അലൂമിനിയം കമ്പനിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 13.30 ശതമാനത്തില്‍ നിന്നും 16.71 ശതമാനമായി വര്‍ധിച്ചു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിലെ ഓഹരി പങ്കാളിത്തം 3.15 ശതമാനത്തില്‍ നിന്നും 5.56 ശതമാനമായും ഓയില്‍ ഇന്ത്യയിലെ ഓഹരി പങ്കാളിത്തം 10.11 ശതമാനത്തില്‍ നിന്നും 12.42 ശതമാനമായുമാണ് വര്‍ധിച്ചത്.
ആര്‍സിഎഫ്, ബിഇഎംഎല്‍, ചെന്നൈ പെട്രോളിയം, എന്‍ജിനീയേഴ്‌സ് ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ഭാരത് ഡയനാമിക്‌സ്, മാസഗോണ്‍ ഡോക്ക് തുടങ്ങിയ കമ്പനികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി പങ്കാളിത്തം കൂട്ടുകയാണ് ചെയ്‌തത്. ചെലവ് കുറഞ്ഞ ഓഹരികള്‍ വാങ്ങാനുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിച്ചത് പൊതുമേഖലാ ഓഹരികളെ ആകര്‍ഷകമാക്കുകയായിരുന്നു. ശക്തമായ ബാലന്‍സ്‌ഷീറ്റും ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡും ശക്തമായ ബിസിനസ് സാധ്യതയുമുള്ള പൊതുമേഖലാ കമ്പനികളിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പ്രധാനമായും നിക്ഷേപം നടത്തിയത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം വര്‍ധിപ്പിച്ച ചില ഓഹരികള്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡാണ് നല്‍കുന്നത്. നാഷണല്‍ അലൂമിനിയം, എസ്‌ജെവിഎന്‍, ഇന്ത്യന്‍ ഓയില്‍, എന്‍എംഡിസി തുടങ്ങിയ ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് 5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ്.