ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ ജൂലായ് രണ്ടാംവാരം എത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനു മുൻപുള്ള ട്രയൽറൺ ജൂലായ് രണ്ടാംവാരം നടക്കും. കണ്ടെയ്നർ നിറച്ച ചരക്കുകപ്പൽ തുറമുഖത്ത് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിലാണ്. ഇതിനായുള്ള സാങ്കേതികപ്രവർത്തികൾ പുരോഗമിക്കുകയാണ്.

അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് ചരക്കുകപ്പൽ എത്തിക്കാനാണ് നീക്കം. മദർ ഷിപ്പിലെത്തുന്ന ചരക്ക് ഇവിടെ ഇറക്കിവെച്ചശേഷം ചെറിയ കപ്പലുകളെത്തിച്ച് തിരികേ ചരക്കുകയറ്റി ട്രാൻസ്ഷിപ്മെന്റും ആരംഭിക്കും.

ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ഇത്തരത്തിൽ ചരക്കുകപ്പലുകൾ തുറമുഖത്തേക്ക് എത്തിക്കും.

അതിനു ശേഷമായിരിക്കും ഔദ്യോഗികമായി തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം.ചരക്കുകപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ കോഡ് അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

സാങ്കേതികമായി ലഭിക്കേണ്ട മറ്റ് അനുമതികളും ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസുകളും പ്രവർത്തിച്ചുതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി വരുകയാണ്.

നേരത്തേ തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം അംഗീകരിച്ചിരുന്നു. കപ്പൽ എത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് (വിസിൽ) അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും ട്രയൽ റണ്ണിന്റെ തീയതി നിശ്ചയിക്കുക.

മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ കപ്പലിനു തുറമുഖത്തേക്ക് സ്വീകരണമൊരുക്കും. തുറമുഖ യാർഡിലേക്ക് കണ്ടെയ്നർ ഇറക്കിവെച്ചായിരിക്കും ട്രയൽ നടത്തുക.

ഇതിനുമുന്നോടിയായി നിലവിൽ വലിയ ബാർജുകളിൽ ചരക്കു കയറ്റാത്ത കണ്ടെയ്നറുകൾ തുറമുഖത്ത് എത്തിച്ച് പരീക്ഷണം നടത്തുന്നുണ്ട്.

ഡിസംബറിൽ തുറമുഖം കമ്മിഷനിങ് ചെയ്യാനാകുമെന്നാണ് നേരത്തേ അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ ഓണത്തിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനസജ്ജമാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് അദാനി തുറമുഖ അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്.

തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ 3000 മീറ്റർ പൂർത്തിയായി. 400 മീറ്റർ ബെർത്തിന്റെ പണിയും പൂർത്തിയാക്കിയിട്ടുണ്ട്. ബെർത്തിന്റെ ബാക്കിഭാഗത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.

രാജ്യത്തെ ആദ്യത്തെതന്നെ സെമി ഓട്ടോമേറ്റഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് സ്ഥാപിച്ചത്.
ബ്രേക്ക്വാട്ടറിന്റെ ചുറ്റും അക്രോപോഡുകൾ നിരത്തി സംരക്ഷണ കവചമൊരുക്കുന്നതിന്റെയും ബ്രേക്ക്വാട്ടറിനു മുകളിലായി 10 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ് നിർമിക്കുന്നതിന്റെയും പണി തുടങ്ങിക്കഴിഞ്ഞു.

സാങ്കേതികാവശ്യങ്ങൾക്കായി വേണ്ടുന്ന പൈലറ്റ് കം സർവേ വെസൽ, മൂറിങ് ലോഞ്ചസ്, നാവിഗേഷനുള്ള വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (വി.ടി.എം.എസ്.) സ്ഥാപിക്കുന്ന പണികളും പുരോഗമിക്കുകയാണ്.

കപ്പലുകൾക്ക് തുറമുഖത്തേക്ക് വഴികാട്ടുന്നതിനായി നാല് ടഗ്ഗുകളും തുറമുഖത്തിനായി എത്തിച്ചിട്ടുണ്ട്.

X
Top