100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

നികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ബെംഗളൂരു: നികുതി തർക്കങ്ങൾ പരിഹരിക്കുന്നതിനൊപ്പം അവ പൂർണമായും ഇല്ലാതാക്കുന്നതിനുള്ള അടിസ്ഥാനപരമായ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

വ്യവസായ പ്രതിനിധികളും നയഗവേഷകരും പ്രായോഗികവും കൃത്യവുമായ ബദൽ നിർദേശങ്ങൾ മുന്നോട്ടുവച്ച് പൊതുചർച്ചകൾ സജീവമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ നടന്ന ഇൻ്റർനാഷണൽ ടാക്സ് റിസർച്ച് ആൻഡ് അനാലിസിസ് ഫൗണ്ടേഷൻ്റെ (ഐടിആർഎഎഫ്) എട്ടാമത് രാജ്യാന്തര നികുതി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

നികുതി പരിഷ്കാരങ്ങളും ലക്ഷ്യങ്ങളും
നികുതിദായകർക്ക് കാര്യങ്ങൾ എളുപ്പമാക്കുക എന്നതാണ് സർക്കാരിൻ്റെ ലളിതമായ നയമെന്ന് ധനമന്ത്രി വ്യക്തമാക്കി. കർശന നടപടികൾ ആവശ്യമുള്ള കേസുകളിൽ മാത്രം അത് പ്രയോഗിക്കുക എന്നതാണ് ലക്ഷ്യം.

നികുതി തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ അവ കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. പഴയ തർക്കങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിന് പകരം അവ അവസാനിപ്പിക്കാൻ നികുതിദായകർക്കും സർക്കാരിനും ‘വിവാദ് സേ വിശ്വാസ്’ പദ്ധതികൾ അവസരമൊരുക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.

അപ്പീൽ നൽകുന്നതിനുള്ള സാമ്പത്തിക പരിധി 2024ൽ സർക്കാർ ഉയർത്തിയിരുന്നു. വകുപ്പുതല അപ്പീലുകൾ ട്രൈബ്യൂണലിൽ നൽകുന്നതിനുള്ള പരിധി 60 ലക്ഷം രൂപയായും ഹൈക്കോടതികളിൽ രണ്ട് കോടി രൂപയായും സുപ്രീം കോടതിയിൽ അഞ്ച് കോടി രൂപയായുമാണ് വർധിപ്പിച്ചത്.

കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രത്യക്ഷ, പരോക്ഷ നികുതി പരിഷ്കാരങ്ങളെക്കുറിച്ചും നിർമല സീതാരാമൻ വിശദീകരിച്ചു. 2019ൽ കോർപ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. 2025ൽ വ്യക്തിഗത നികുതി നിരക്കുകൾ യുക്തിസഹമാക്കി. ഇതനുസരിച്ച് 12 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരു വ്യക്തിയും ആദായനികുതി നൽകേണ്ടതില്ല.

നികുതി ഭാരം വർധിപ്പിക്കാതെ തന്നെ 1961ലെ ആദായനികുതി നിയമത്തിന് പകരം ലളിതമായ ഭാഷയിലുള്ള പുതിയ നിയമം ആറ് മാസത്തിനുള്ളിൽ തയ്യാറാക്കിയെന്നും മന്ത്രി ഓർമിപ്പിച്ചു.

2025ൽ ചരക്കുസേവന നികുതി (ജിഎസ്ടി) പ്രധാനമായും രണ്ട് നിരക്കുകളിലേക്ക് ചുരുക്കിയത് നികുതി തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കാൻ സഹായിച്ച വലിയൊരു പരിഷ്കാരമാണെന്നും അവർ കൂട്ടിച്ചേർത്തു.

X
Top