
ന്യൂഡൽഹി: സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‍യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്). നിലവിലെ 45 രൂപയിൽ നിന്ന് 75 രൂപയായാണ് വർധന. ഇതോടെ ആഭരണം വാങ്ങാൻ 18 ശതമാനം നികുതി സഹിതം 88.5 രൂപ ഉപഭോക്താവ് നൽകേണ്ടി വരും.
നിലവിൽ ഇത് 53.5 രൂപയായിരുന്നു. തീരുമാനം സെപ്റ്റംബർ 14 മുതൽ നിലവിൽ വന്നു.
തീരുമാനം സ്വർണവ്യാപാര മേഖലയ്ക്ക് തിരിച്ചടിയാണെന്നും പിൻവലിക്കണമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
വ്യാപാരികളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.





