കൊച്ചി: സംസ്ഥാനത്ത് വ്യവസായസംരംഭങ്ങള്‍ വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോഴും കഴിഞ്ഞ മൂന്നു വർഷമായി സംരംഭങ്ങള്‍ കുറഞ്ഞു വരുന്നതായി സര്‍ക്കാര്‍ രേഖകള്‍.
‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന ടാഗ്ലൈനോടെ വ്യവസായ വകുപ്പിന്റെ ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് സൂചികയില്‍ നല്‍കിയിട്ടുള്ള മൂന്ന് സാമ്പത്തികവര്‍ഷത്തെ കണക്കുകളിലാണ് സംരംഭങ്ങളുടെ എണ്ണം കുറയുന്നതായി വ്യക്തമാകുന്നത്.
2022-23 വര്‍ഷത്തില്‍ സംസ്ഥാനത്താകെ 1,39,839 സംരംഭങ്ങളാണു രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 2023-24ൽ ഇത് 1,03,596 ആയി കുറഞ്ഞു. നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 31,571 സംരംഭങ്ങളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആദ്യ വര്‍ഷത്തില്‍നിന്ന് രണ്ടാം വര്‍ഷത്തിലേക്ക് 25 ശതമാനത്തിന്റെയും നടപ്പു സാമ്പത്തിക വര്‍ഷത്തിലെത്തുമ്പോള്‍ 32 ശതമാനത്തിന്റെയും കുറവ്.
2022-23ല്‍ കൂടുതല്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ജില്ല ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മൂന്നാമതായി. ഈ സാമ്പത്തിക വര്‍ഷമാകട്ടെ അഞ്ചാം സ്ഥാനത്തും. നിക്ഷേപത്തിന്റെ കണക്കിലും തലസ്ഥാന ജില്ലയ്ക്ക് കാര്യമായ കുറവുണ്ടായി.
ആദ്യ വര്‍ഷം 840 കോടിയാണു 14,434 സംരംഭങ്ങളിലായി തിരുവനന്തപുരത്തിനു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 10,056 സംരംഭങ്ങളായി കുറഞ്ഞപ്പോള്‍ കിട്ടിയതാകട്ടെ 518 കോടിയും. ഈ വര്‍ഷം 2,669 സംരംഭങ്ങളില്നിന്നായി 135.57 കോടി മാത്രം.
അതേസമയം, വ്യവസായ തലസ്ഥാനമായ എറണാകുളം ആദ്യ വര്‍ഷം രണ്ടാമതായിരുന്നെങ്കില് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 10,437 സംരംഭങ്ങളുമായി ഒന്നാമതെത്തി. നിക്ഷേപമാകട്ടെ, 1013.77 കോടിയും.