
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികൾ 6% ഇടിവിൽ. എൻഎസ്ഇയിൽ 1200 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരികൾ ഒരുഘട്ടത്തിൽ 1186.50 രൂപവരെ താഴ്ന്നു. വ്യാപാരം ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴുള്ളത് 1212 രൂപയിലായിരുന്നു.
മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുന്ന ആവേശത്തിൽ, അതായത് 2024 ജൂലൈ ആദ്യവാരം 2830 രൂപയ്ക്കു മുകളിലായിരുന്നു കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരിവില. വിപണിമൂല്യം 70,000 കോടി രൂപയ്ക്ക് മുകളിലുമായിരുന്നു. മോദി സർക്കാർ പ്രതിരോധച്ചെലവ് ഗണ്യമായി വർധിപ്പിക്കുമെന്നും ഇതിന്റെ വലിയൊരു നേട്ടം കൊച്ചിൻ ഷിപ്പ്യാർഡിന് ലഭിക്കുമെന്ന പ്രതീക്ഷകളുമാണ് അന്ന് ഓഹരിക്ക് ആവേശമായത്.
പ്രതിരോധരംഗത്ത് സുപ്രധാന ഓഹരികളിലൊന്നായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ കുതിപ്പ് മുതലെടുത്ത് പിന്നീട് ലാഭമെടുപ്പ് ശക്തമായി; ഓഹരിവില 1100 രൂപനിലവാരത്തിലേക്കും താഴ്ന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 27ലെ 1101.20 രൂപയാണ് 52-ആഴ്ചയിലെ ഏറ്റവും താഴ്ന്നവില. നിലവിലെ ഓഹരിവില പ്രകാരം 31,890 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
നടപ്പു സാമ്പത്തിക വർഷത്തെ (2026-27) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ലാഭം പാതിയായി ഇടിഞ്ഞതാണ് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളെ ഇന്നലെ വിൽപനസമ്മർദത്തിലാക്കിയത്. മുൻവർഷത്തെ സമാനപാദത്തിലെ 107.53 കോടി രൂപയിൽ നിന്ന് 53.77 കോടി രൂപയായാണ് സംയോജിതലാഭം കുറഞ്ഞത്.
പ്രവർത്തന വരുമാനം 11.7% ഉയർന്ന് 1249.19 കോടി രൂപയായെങ്കിലും ലാഭത്തകർച്ച തടയാനായില്ല. മൊത്ത വരുമാനം 7% ഉയർന്ന് 1332 കോടി രൂപയിൽ എത്തിയിട്ടുമുണ്ട്.
പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ അഥവാ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം 30.7% ഇടിഞ്ഞതും കമ്പനിക്ക് ക്ഷീണമാണ്. എബിറ്റ്ഡ മാർജിൻ 6.6 ശതമാനത്തിൽ നിന്ന് 4.1 ശതമാനത്തിലേക്കും താഴ്ന്നു. പ്രവർത്തനച്ചെലവ് കുത്തനെ കൂടിയതാണ് കമ്പനിയുടെ ലാഭത്തെ ബാധിച്ചത്. കഴിഞ്ഞപാദത്തിൽ ഇത് 1095.97 കോടിയിൽ നിന്ന് 14.7% ഉയർന്ന് 1256.72 കോടിയായി. അതേസമയം, ഓഹരിക്ക് 3% വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 547% നേട്ടം (റിട്ടേൺ) നൽകിയ ഓഹരിയാണ് കൊച്ചിൻ ഷിപ്പ്യാർഡ്. 3 വർഷത്തെ നേട്ടം 130%. എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരിവില 30% കുറഞ്ഞു. 2026ൽ ഇതുവരെ ഇടിവ് 25%.
കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് കൊച്ചിൻ ഷിപ്പ്യാർഡിന് മൊത്തം 21,900 കോടിയുടെ ഓർഡറുകൾ കൈവശമുണ്ട്. ഇതിൽ 11,900 കോടിയും പ്രരിരോധ മേഖലയിൽ നിന്നുള്ളതാണ്. ആഭ്യന്തര കൊമേഴ്സ്യൽ മേഖലയിൽ നിന്ന് 1600 കോടി രൂപ. കയറ്റുമതി ഓർഡറുകൾ 7200 കോടിയാണ്.
കപ്പൽ അറ്റകുറ്റപ്പണി ഓർഡറുകൾ 1200 കോടി രൂപ. കരാറിൽ വാഗ്ദാനം ചെയ്യുന്ന സമയത്തിനു മുൻപേതന്നെ ലോകനിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച് നൽകുന്നുവെന്ന മികവാണ്, വിദേശത്തുനിന്നുൾപ്പെടെ കൊച്ചിൻ ഷിപ്പ്യാർഡിനെ തേടി കൂടുതൽ ഓർഡറുകൾ എത്താൻ സഹായിക്കുന്നത്.






