
ന്യൂഡൽഹി: ചെറുകിട യൂനിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് 2031 മാർച്ച് 31 വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വായ്പ തിരിച്ചടയ്ക്കാതെ വരുമ്പോഴുള്ള നഷ്ടസാധ്യതയിൽ നിന്ന് ബാങ്കുകളെയും മറ്റ് വായ്പ നൽകുന്ന സ്ഥാപനങ്ങളെയും ഈ ഫണ്ട് സംരക്ഷിക്കുന്നുണ്ട്. കൂടാതെ വായ്പ നൽകുന്നവർക്കുള്ള ഗ്യാരണ്ടി ഫീസും സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്.
നാഷനൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് വഴി വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് തിരിച്ചടവ് മുടങ്ങാതിരിക്കാനുള്ള ക്രെഡിറ്റ് ഗ്യാരണ്ടി കവർ ഈ പദ്ധതി നൽകുന്നു. 16ാം ധനകാര്യ കമ്മീഷൻ ചക്രത്തിൽ അതായത് 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ പി.എം.എം.വൈ പ്രകാരം നൽകുന്ന എല്ലാ വായ്പകൾക്കും ഇത് ബാധകമാകും.
എന്താണ് ചെറുകിട യൂനിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട്?
2016 ജനുവരിയിലാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ആരംഭിച്ചത്. ലളിതമായി പറഞ്ഞാൽ, ഇത് വായ്പ നൽകുന്നവർക്കായുള്ള ഒരു സുരക്ഷാ വലയാണ്. വായ്പ എടുത്തയാൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, നഷ്ടത്തിന്റെ ഒരു ഭാഗം ഈ ഫണ്ട് കവർ ചെയ്യും.
ഈട് ഒന്നും ചോദിക്കാതെ തന്നെ ചെറുകിട ബിസിനസുകൾക്ക് വായ്പ നൽകാൻ ബാങ്കുകളെ കൂടുതൽ സന്നദ്ധരാക്കാൻ ഇത് സഹായിക്കുന്നു. രാജ്യത്തുടനീളം മുദ്ര വായ്പകളുടെ വളർച്ചയിൽ ഈ ഫണ്ട് ഒരു പ്രധാന ഉത്തേജകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.
12.6 ലക്ഷം കോടി രൂപയുടെ വായ്പകൾക്കായി 5,000 കോടി രൂപയുടെ കോർപ്പസ്
ഫണ്ടിനായി 5,000 കോടി രൂപയുടെ കോർപ്പസിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 12.6 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പകൾ നൽകാൻ ഇത് വായ്പ നൽകുന്നവരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിക്ക് കീഴിൽ വരുന്ന വായ്പകൾ ഏതൊക്കെ?
പി.എം.എം.വൈ വായ്പകൾ: അർഹരായ സൂക്ഷ്മ സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെയുള്ള വായ്പകൾ.
ജൻ ധൻ ഓവർഡ്രാഫ്റ്റുകൾ: പ്രധാൻ മന്ത്രി ജൻ ധൻ യോജന (PMJDY) അക്കൗണ്ടുകൾക്ക് കീഴിൽ ബാങ്കുകൾ നൽകുന്ന 10,000 രൂപ വരെയുള്ള ഓവർഡ്രാഫ്റ്റുകൾ.
സ്വയം സഹായ സംഘങ്ങളുടെ വായ്പകൾ: വായ്പയുടെ തോത് 10 ലക്ഷം രൂപയ്ക്കും 20 ലക്ഷം രൂപയ്ക്കും ഇടയിലുള്ള സ്വയം സഹായ സംഘങ്ങൾക്കുള്ള (SHG) വായ്പകൾ.
പ്രധാന മാറ്റങ്ങൾ: കുറഞ്ഞ ഗ്യാരണ്ടി ഫീസും റിസ്ക് അധിഷ്ഠിത കവറും
രണ്ട് പ്രധാന മാറ്റങ്ങളാണ് ഇതിലുള്ളത്:
കുറഞ്ഞ ഫീസ്: ഗ്യാരണ്ടി ഫീസ് പ്രതിവർഷം 1 ശറ്റമാനത്തിൽ നിന്ന് 0.75 ശതമാനമായി കുറച്ചു. സ്വയം സഹായ സംഘങ്ങളെ (SHG) ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അവർ ആദ്യ വർഷം 0.25 ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 0.50 ശതമാനവും ഫീസ് നൽകുന്നത് തുടരും.
യഥാർഥ റിസ്കുമായി കവർ ബന്ധിപ്പിച്ചിരിക്കുന്നു: വർക്കിങ് കാപിറ്റൽ പരിധിക്കായി വിതരണം ചെയ്യുന്ന തുകയുമായും ടേം ലോണുകളുടെ കുടിശ്ശിക തുകയുമായും ഗാരണ്ടി ബന്ധിപ്പിച്ചിരിക്കും. വായ്പ നൽകുന്നവർ നേരിടുന്ന യഥാർഥ റിസ്ക് പ്രതിഫലിപ്പിക്കുന്നതിനാണ് ഇത്.
പദ്ധതി എത്രത്തോളം വലുതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം, മുദ്ര യോജന ആരംഭിച്ചതിനുശേഷം വായ്പ നൽകുന്ന സ്ഥാപനങ്ങൾ 43.34 ലക്ഷം കോടി രൂപയുടെ 60.36 കോടിയിലധികം വായ്പകളാണ് അനുവദിച്ചിട്ടുള്ളത്.
5,000 കോടി രൂപയുടെ കോർപ്പസും, കുറഞ്ഞ ഗ്യാരണ്ടി ഫീസും, യഥാർത്ഥ റിസ്ക് പ്രതിഫലിപ്പിക്കുന്ന കവറും ഉപയോഗിച്ച്, ഏറ്റവും ചെറിയ ബിസിനസ്സുകളിലേക്ക് ക്രെഡിറ്റ് ഒഴുക്ക് നിലനിർത്താനാണ് വിപുലീകരിച്ച ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഉദ്ദേശിച്ചതുപോലെ പ്രവർത്തിക്കുകയാണെങ്കിൽ, 2031ഓടെ 12.6 ലക്ഷം കോടി രൂപയുടെ വായ്പകൾ സൂക്ഷ്മ സംരംഭകരിലേക്ക് എത്തിച്ചേരും.






