മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയിലെ (എംപിസി) സ്വതന്ത്ര അംഗങ്ങളുടെ പ്രവർത്തന കാലാവധി ഒക്ടോബർ നാലിന് അവസാനിക്കും.
എംപിസിയുടെ അടുത്ത യോഗം നടക്കുന്നത് ഒക്ടോബർ 7 മുതൽ 9 വരെയാണ്. അതിന് മുമ്പ് കേന്ദ്രം പുതിയ സ്വതന്ത്ര അംഗങ്ങളെ നാമനിർദേശം ചെയ്തേക്കും.
2020 ഒക്ടോബറിലാണ് പ്രൊഫ. ജയന്ത് ആർ. വർമ, ഡോ. ആഷിമ ഗോയൽ, ഡോ. ശശാങ്ക ഭീഡെ എന്നിവരെ സ്വതന്ത്ര അംഗങ്ങളായി കേന്ദ്രം നാമനിർദേശം ചെയ്തത്.
ചാലക്കുടി സ്വദേശിയായ ജയന്ത് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറാണ്. എംപിസിയുടെ കഴിഞ്ഞ ഏതാനും യോഗങ്ങളിലായി പലിശനിരക്ക് (റീപ്പോ നിരക്ക്) കുറയ്ക്കണമെന്ന് നിരന്തരം വാദിക്കുന്ന അംഗമാണ് പ്രൊഫ. ജയന്ത്.
ആറംഗ സമിതിയിൽ പലപ്പോഴും അദ്ദേഹത്തിന്റെ ആവശ്യം 5-1 എന്ന നിലയിൽ വോട്ടിങ്ങിൽ പിന്തള്ളപ്പെട്ടു. ഇക്കഴിഞ്ഞ ജൂണിലെയും ഈ മാസത്തെയും യോഗത്തിൽ അദ്ദേത്തിന് ഡോ. ആഷിമ ഗോയലിന്റെ പിന്തുണ ലഭിച്ചു. അപ്പോഴും പക്ഷേ, എംപിസിയുടെ വോട്ട് നില 4-2 എന്ന പ്രകാരം പലിശനിരക്ക് നിലനിർത്താനായിരുന്നു.
ഇക്കുറി നടപടി അതിവേഗം
പ്രധാനമായും റീറ്റെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് റീപ്പോ നിരക്ക് പരിഷ്കരിക്കാറുള്ളത്. ഇത് 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
കഴിഞ്ഞമാസം പണപ്പെരുപ്പം 3.54 ശതമാനത്തിലേക്ക് താഴ്ന്നതിനാൽ അടുത്ത യോഗത്തിൽ പലിശനിരക്ക് താഴ്ത്താൻ എംപിസിക്കുമേൽ സമ്മർദം ശക്തമാണ്.
ഈ സാഹചര്യത്തിൽ, പുതിയ സ്വതന്ത്ര അംഗങ്ങളെ കണ്ടെത്താനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നിട്ടുണ്ട്. ശക്തികാന്ത ദാസ്, കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ, സാമ്പത്തിക സെക്രട്ടറി അജയ് സേഥ് എന്നിവരടങ്ങിയ 6 അംഗ സിലക്ഷൻ പാനലാണ് അംഗങ്ങളെ കണ്ടെത്തുക.
2016 സെപ്റ്റംബറിലാണ് കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് എംപിസിക്ക് രൂപംനൽകിയത്. അതുവരെ പണനയം തീരുമാനിച്ചിരുന്നത് റിസർവ് ബാങ്കായിരുന്നു. ഡോ. ഛേതൻ ഖാട്ടെ, ഡോ. പാമി ദുവ, ഡോ. രവീന്ദ്ര ധൊലാക്കിയ എന്നിവരായിരുന്നു ആദ്യ എംപിസിയിലെ സ്വതന്ത്ര അംഗങ്ങൾ.
ഇവരുടെ കാലാവധി 2020 സെപ്റ്റംബറിൽ അവസാനിച്ചു. തുടർന്ന് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെ എംപിസി യോഗം ചേരേണ്ടിയിരുന്നെങ്കിലും പുതിയ സ്വതന്ത്ര അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യാത്തതിനാൽ യോഗം മാറ്റിവയ്ക്കേണ്ടി വന്നു.
ഒക്ടോബർ ആറിനാണ് സർക്കാർ പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്. അന്നുമുതൽ മൂന്ന് ദിവസത്തേക്ക് എംപിസി യോഗവും ചേർന്നു.