
മുംബൈ: രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജുലൈ മാസത്തെ വില്‍പ്പന കുത്തനെ ഉയര്‍ന്നു. എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് ജുലൈയില്‍ ഇവി വിപണിയിലുണ്ടായത്. 2022 ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവാണുണ്ടായത്.
അതേസമയം, 2021 ജൂലൈയെ അപേക്ഷിച്ച് 196 ശതമാനം കൂടുതലാണിത്. 2022 ജൂണില്‍ 72,528 യൂണിറ്റുകളും 2021 ജൂലൈയില്‍ 26,191 യൂണിറ്റുകളുമായിരുന്നു ഇവി വാഹനങ്ങളുടെ രജിസ്‌ട്രേഷനെങ്കില്‍ 2022 ജൂലൈയില്‍ 77,474 യൂണിറ്റുകളായി. മൊത്തം ഹൈ സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ ജൂണില്‍ 42,300 യൂണിറ്റുകളും 2021 ജൂലായില്‍ 13,200 യൂണിറ്റുകളും ആയിരുന്നെങ്കില്‍ ജൂലൈയില്‍ ഏകദേശം 44,500 യൂണിറ്റുകളായും ഉയര്‍ന്നു.
വില്‍പ്പനയില്‍ ഹീറോ ഇലക്ട്രിക്കാണ് മുന്‍നിരയിലുള്ളത്. ഹീറോ ഇലക്ട്രിക് 9,000 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. ഒകിനാവ (ഏകദേശം 8,100 യൂണിറ്റുകള്‍), ആമ്പിയര്‍ വെഹിക്കിള്‍സ് (ഏകദേശം 6,320 യൂണിറ്റുകള്‍) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഏകദേശം 4,250 യൂണിറ്റുകളുടെ രജിസ്‌ട്രേഷനുമായി ടിവിഎസ് ഏഴാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വാഹന്റെ കണക്കുകള്‍ പ്രകാരം 38 വിപണികളില്‍ സാന്നിധ്യമുള്ള ഏഥര്‍ എനര്‍ജി ജൂലൈയില്‍ 1,290 യൂണിറ്റുകളാണ് വിറ്റത്.
ജൂലൈയില്‍, ഇലക്ട്രിക് പാസഞ്ചര്‍ ത്രീ-വീലറുകളുടെയും കാര്‍ഗോ-ടൈപ്പ് ത്രീ-വീലറുകളുടെയും രജിസ്‌ട്രേഷന്‍ യഥാക്രമം 26,733 യൂണിറ്റുകളും 2,736 യൂണിറ്റുകളുമാണ്. ഇലക്ട്രിക് പാസഞ്ചര്‍ ത്രീ വീലറുകളില്‍ പ്രതിമാസം 11.49 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ കാര്‍ഗോ ത്രീ വീലറുകള്‍ 6.65 ശതമാനം കുറഞ്ഞു.