
മുംബൈ: രാജ്യത്ത് 10 ,20 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമാകുന്നു. 200, 500 രൂപയുടെ നോട്ടുകൾ ആളുകൾ കരുതലോടെ സ്വീകരിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് 10, 20 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായത്. ചെറിയ സംഖ്യയുടെ നോട്ടുകൾ വാങ്ങുമ്പോൾ ആളുകൾ കാര്യമായി ശ്രദ്ധിക്കില്ല എന്നതാണ് ഇവ വർധിക്കാൻ കാരണം.
വലിയ സംഖ്യയുടെ കള്ളനോട്ടുകൾ ആയിരുന്നു നേരത്തെ കൂടുതലായും ഉണ്ടായിരുന്നത്. എന്നാൽ ആളുകൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമാണ് വലിയ സംഖ്യയുടെ നോട്ടുകൾ വാങ്ങുന്നത്. മാത്രമല്ല, ഇത്തരം സംഖ്യയുടെ ഇടപാടുകൾ പരമാവധി യുപിഐ വഴിയുമായി. ഇതോടെയാണ് ചെറിയ സംഖ്യകളായ 10,20 രൂപയുടെ കള്ളനോട്ടുകൾ ഇറങ്ങിത്തുടങ്ങിയത്.
ഇത്തരത്തിൽ ചെറിയ തുകയുടെ കള്ളനോട്ടുകൾ വ്യാപകമാകുന്നത് മുന്നിൽക്കണ്ടാണ് കേന്ദ്രസർക്കാർ പോളിമർ കറൻസിക്ക് വേഗം കൂട്ടുന്നത് എന്നാണ് റിപ്പോർട്ടുകൾ. 10,20 രൂപയുടെ പോളിമർ കറൻസികളാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രസർക്കാർ ഇറക്കുന്നത്.
രാജ്യത്തെ ആദ്യ സെറ്റ് പോളിമർ കറൻസി നോട്ടുകളുടെ ക്രയവിക്രയം അടുത്ത സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.പോളിമർ നോട്ടുകൾ വികസിപ്പിക്കാനുള്ള നടപടികൾ പ്രാരംഭ ഘട്ടത്തിൽ ആണെന്നും പരിശോധനകൾക്ക് ശേഷമാകും പദ്ധതി വ്യാപിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പദ്ധതികൾ എല്ലാം പ്ലാൻ ചെയ്തത് പോലെയാണ് പോകുന്നതെങ്കിൽ അടുത്ത സാമ്പത്തിക വർഷം ആരംഭിച്ചയുടൻ തന്നെ പോളിമർ നോട്ടുകൾ പുറത്തിറങ്ങുമെന്നാണ് സഞ്ജയ് മൽഹോത്ര പറഞ്ഞത്. രണ്ട് ബില്യൺ പോളിമർ നോട്ടുകൾ അച്ചടിക്കാനാണ് കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
10 രൂപയുടെ ഒരു ബില്യൺ നോട്ടുകൾ, 20 രൂപയുടെ ഒരു ബില്യൺ നോട്ടുകൾ എന്നിങ്ങനെയാണ് അച്ചടിക്കേണ്ടത്. പേപ്പർ കറൻസിക്ക് പകരമായല്ല പോളിമർ നോട്ടുകൾ വരിക. രണ്ട് നോട്ടുകളും ക്രയവിക്രയം ചെയ്യാം.






