രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ഈസ്റ്റേണിന്റെ മാതൃകമ്പനിയും ഓഹരി വിപണിയിലേക്ക്

കൊച്ചി: പ്രമുഖ ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെയും എംടിആര്‍ ഫുഡ്സിന്റെയും പ്രൊമോട്ടർ കമ്പനി ഓർക്‌ല ഇന്ത്യയും ഓഹരി വിപണിയിലേക്ക്.

ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന നടത്തുന്നതിനുള്ള അപേക്ഷ കമ്പനി ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് സമർപ്പിച്ചു. നോർവേ ആസ്ഥാനമായ ഓർക്‌ലയുടെ ഇന്ത്യാ വിഭാഗമാണ് ഓർക്‌ല ഇന്ത്യ. ഓർക്‌ല ഏഷ്യ പസഫിക് ആണ് ഇന്ത്യാ വിഭാഗത്തെ നിയന്ത്രിക്കുന്നത്.

പൂർണമായും ഓഫർ-ഫോർ-സെയിൽ മാത്രമുള്ളതായിരിക്കും ഓർക്‌ല ഇന്ത്യയുടെ ഐപിഒ. നിലവിലെ ഓഹരി ഉടമകൾ (പ്രൊമോട്ടർമാർ) നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്നതാണ് ഓഫർ-ഫോർ-സെയിൽ. അതായത്, ഐപിഒയിൽ പുതിയ ഓഹരികൾ ഉണ്ടാവില്ല.

പുതിയ ഓഹരികൾ കൂടിയുണ്ടെങ്കിലേ കമ്പനിയുടെ ഇന്ത്യാ വിഭാഗത്തിന് മൂലധനാവശ്യത്തിന് പണം ലഭിക്കൂ. ഒഎഫ്എസ് വഴി സമാഹരിക്കുന്ന പണം പൂർണമായും ലഭിക്കുക പ്രൊമോട്ടർമാർക്കായിരിക്കും.

വിദേശ രാജ്യങ്ങൾ ആസ്ഥാനമായ കമ്പനികൾ അവയുടെ ഇന്ത്യാ വിഭാഗത്തിന്റെ ഓഹരി ഒഎഫ്എസ് മാർഗത്തിലൂടെ വിൽക്കുന്ന പ്രവണത സമീപകാലത്ത് നിരവധിയായിരുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യാ വിഭാഗത്തിന്റെ ഐപിഒ സംഘടിപ്പിച്ചത് ഇതിനൊരു ഉദാഹരണമാണ്.

ഐപിഒയിൽ 2.28 കോടി ഓഹരികളാണ് ഒഎഫ്എസ് വഴി ഓർക്‌ലയുടെ പ്രൊമോട്ടർമാർ വിറ്റഴിക്കുക. ഓഹരി പങ്കാളികളായ നവാസ് മീരാൻ, ഫിറോസ് മീരാൻ എന്നിവരും ഒഎഫ്എസിൽ‌ പങ്കെടുക്കുമെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.

നവാസ് മീരാനും ഫിറോസ് മീരാനും 5% വീതം ഓഹരി പങ്കാളിത്തമാണ് ഓർക്‌ലയിലുള്ളത്. ഐപിഒയുടെ സമാഹരണലക്ഷ്യം ഓർക്‌ല വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 3,200-3,500 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്.

2020 സെപ്റ്റംബറിലായിരുന്നു പ്രമുഖ സംരംഭകൻ നവാസ് മീരാന്റെ നേതൃത്വത്തിലായിരുന്ന ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ 67.8% ഓഹരികൾ നോർവേയിലെ ഓസ്‍ലോ ആസ്ഥാനമായ ഓർക്‌ല ഫുഡ്സ് സ്വന്തമാക്കിയത്. 1,356 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഓർക്‌ലയുടെ പൂർണ ഉടമസ്ഥതയിലായിരുന്ന എംടിആർ ഫുഡ്സ് വഴിയായിരുന്നു ഏറ്റെടുക്കൽ.

2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓർക്‌ല ഇന്ത്യയിൽ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ കുടുംബം 1950ൽ സ്ഥാപിച്ച കമ്പനിയാണ് എംടിആർ. ഇന്ത്യക്കുപുറമേ ജപ്പാൻ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മിഡിൽ-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കമ്പനിക്ക് വിപണി സാന്നിധ്യമുണ്ട്.

ഈസ്റ്റേൺ കോൺഡിമെന്റ്സിനെയും എംടിആര്‍ ഫുഡ്സിനെയും സ്വന്തമാക്കാൻ മുൻനിര എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ് ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏകദേശം 140 കോടി ഡോളറിന് (12,000 കോടി രൂപ) ഇരു ബ്രാൻഡുകളെയും സ്വന്തമാക്കി, ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ഉന്നമിടുന്നത്.

ഇന്ത്യയിൽ പാക്കേജ്ഡ് ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന രംഗത്ത് സമീപകാലത്ത് നിരവധി ഏറ്റെടുക്കലുകൾ നടന്നിരുന്നു. 2019-20ലാണ് രുചി സോയയെ പതഞ്ജലി ആയുർവേദ ഏറ്റെടുത്തത്. 2020-21ൽ സൺറൈസ് ഫുഡ്സിനെ ഐടിസി സ്വന്തമാക്കി.

2020ൽ ഈസ്റ്റേൺ, എംടിആർ എന്നിവയെ ഓർക്‌ല ഏറ്റെടുത്തു. കേരളം ആസ്ഥാനമായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തത് 2023-24ൽ.

X
Top