
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപകമാക്കിയതോടെ ദുബായിയിലെ റിയല്‍എസ്റ്റേറ്റ് വിപണിയില്‍ ഇടിവ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍നിന്നുള്ളവരല്ലാതെ ദുബായിയില്‍ വൻതോതില്‍ വീടുകള്‍ വാങ്ങിക്കൂട്ടയതിനെ തുടർന്നാണ് ഇ.ഡി അന്വേഷണം വ്യാപകമാക്കിയത്. നിയമവിരുദ്ധ ഇടപാടുകളല്ലെങ്കിലും പണത്തിന്റെ ഉറവിടമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇന്ത്യയിലെ നിക്ഷേപം പിൻവലിച്ച് ദുബായിയില്‍ വസ്തുവാങ്ങുന്നത് വർധിച്ച സാഹചര്യത്തിലായിരുന്നു നീക്കം. അന്വേഷണവും നോട്ടീസുകളും നല്‍കാൻ തുടങ്ങിയതോടെയാണ് ദുബായിയിലെ ഇടപാടുകള്‍ കുറഞ്ഞത്.
ദുബായിയില്‍ വസ്തു വാങ്ങുന്നവരില്‍ 50 ശതമാനവും ഇന്ത്യക്കാരാണ്. ഡെവലപ്പർമാരുടെ ഓഫറുകളും കുറഞ്ഞതോതിലുള്ള തിരിച്ചടവുമൊക്കെ വാഗ്ദാനം ചെയ്യുന്നതിനാല്‍ കാര്യമായ ഇടപാടകളാണ് നടന്നിരുന്നത്.
പാദവാർഷിക കണക്കെടുത്താല്‍ ശരാശരി നാല് ശതമാനം ഇടിവാണ് ഭവന വിപണിയില്‍ ഉണ്ടായിട്ടുള്ളത്. 2024 ജൂലായ്-സെപ്റ്റംബർ കാലയളവില്‍ 33,281 യൂണിറ്റുകളായിരുന്നു വില്പന. ഒക്ടോബർ-ഡിസംബർ കാലയളവിലാകട്ടെ 33,110 യൂണിറ്റായി കുറയുകയും ചെയ്തു.
മുൻ സാമ്ബത്തിക വർഷത്തെ അപേക്ഷിച്ച് നടപ്പ് വർഷം മൊത്തം വില്പന മൂല്യത്തില്‍ 44 ശതമാനം വർധനവുണ്ടായി. ഈ വർഷം 1.55 ലക്ഷം കോടി രൂപ(65.23 ബില്യണ്‍ ദിർഹം) മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണത്തിലെ വർധന 55 ശതമാനവുമാണ്. ഡിസംബർ പാദത്തോടെയാണ് വില്പനയില്‍ ഇടിവുണ്ടാകാൻ തുടങ്ങിയത്. അതുവരെ വിപണിയില്‍ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നു
ദുബായിയില്‍ സ്വത്തുകള്‍ വാങ്ങിയവർ വിദേശനാണ്യ വിനിമയ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഇഡി നോട്ടീസ് നല്‍കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി ആദായ നികുതി വകുപ്പില്‍നിന്നും റിസർവ് ബാങ്കില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് പകരം കയറ്റുമതി വരുമാനം ഉപയോഗിച്ച് വിദേശത്ത് സ്വത്ത് വാങ്ങുക, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം(എല്‍.ആർ.എസ്) വഴി ബാങ്കിങ് സംവിധാനത്തിലൂടെ പണം കൈമാറുന്നതിന് പകരം ഹവാല ഇടപാടുകള്‍ നടത്തുക എന്നിവയും ഇ.ഡി അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.