ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലെത്താൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുന്നതിനിടെ ക്രൂഡ് ഓയിൽ വില അടുത്തയാഴ്ച വീണ്ടും ഉയർന്നേക്കുമെന്ന് വിലയിരുത്തൽ.

രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 120 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എണ്ണ ഉൽപാദനത്തിലും വിതരണത്തിലും തടസ്സങ്ങളുണ്ടാകുമെന്ന ആശങ്കയും പ്രധാന കപ്പൽ ഗതാഗതപാതകളിലെ സുരക്ഷാ ഭീഷണികളും വിപണിയിൽ സമ്മർദം വർധിപ്പിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടുനിൽക്കുകയും എണ്ണക്കടത്ത് തടസ്സപ്പെടുകയും ചെയ്താൽ ആഗോള വിപണിയിൽ ലഭ്യത കുറയുകയും വില വീണ്ടും ഉയരുകയും ചെയ്യാം. പ്രത്യേകിച്ച് ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് രാജ്യാന്തര എണ്ണവിപണിയെ ഗണ്യമായി ബാധിക്കാനിടയുണ്ട്. ലോകത്തെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്ക് ഈ കടൽപാത നിർണായകമാണ്.

അസംസ്കൃത എണ്ണവില ഉയരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് അധിക സാമ്പത്തിക സമ്മർദമുണ്ടാക്കും. ക്രൂഡ് ഓയിൽ വില കൂടുന്നത് ഇന്ധനച്ചെലവിനെയും ഗതാഗത നിരക്കുകളെയും ഉൽപാദനച്ചെലവിനെയും സ്വാധീനിക്കുകയും ചെയ്യും.

ഇതുവഴി പണപ്പെരുപ്പവും സമ്മർദവും വർധിക്കാനുള്ള സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ഗതിയും എണ്ണവിതരണത്തിലെ തടസ്സങ്ങളുടെ വ്യാപ്തിയും അനുസരിച്ചായിരിക്കും വിപണിയുടെ നീക്കം.

സംഘർഷം കുറയുകയും വിതരണപാതകൾ സാധാരണ നിലയിലാകുകയും ചെയ്താൽ വിലയിലെ സമ്മർദം കുറഞ്ഞേക്കാം.

X
Top