എണ്ണ ഇറക്കുമതി ബില്ലില്‍ വന്‍ വര്‍ധന ◆ നവംബറിൽ എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാർ ◆ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട നികുതിയിളവ് പ്രഖ്യാപിച്ചു ◆ അരിവില 100 കടന്നേക്കുമെന്ന് ആശങ്ക ◆ രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆

ഇന്ത്യക്കും ചൈനക്കും ആശ്വാസമായി യുഎസ് നടപടി; റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് തൽക്കാലം ഉപരോധമില്ലെന്ന് ട്രംപ്

ന്യൂഡൽഹി: യുദ്ധവും കപ്പൽ ഉപരോധവും മൂലം ഒടുവിൽ അമേരിക്ക തന്നെ വെട്ടിലായപ്പോൾ ‘സ്വന്തം താൽപ്പര്യ’ത്തിനായി ചട്ടത്തിൽ ‘ഇളവ്’ വരുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് എണ്ണയുൾപ്പെടെ വലിയതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% അധിക തീരുവ ചുമത്താൻ കഴിയുന്ന ലിൻഡ്സെ ഗ്രഹാം ബില്ലിൽ ട്രംപ് അടുത്തിടെ ഒപ്പിട്ടിരുന്നു.

യുഎസിൽ ഡീസൽ വില ചരിത്രത്തിലെ എക്കാലത്തെയും ഉയരത്തിലെത്തിയതോടെ, നിലപാടിൽ മലക്കംമറിഞ്ഞ ട്രംപ്, റഷ്യയിൽ നിന്ന് യുഎസ് ഡീസൽ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, പുതിയ ചട്ടം നിലവിൽ വന്നിരിക്കേ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങിക്കൊണ്ട് ട്രംപ് അമേരിക്കയ്ക്കുതന്നെ തീരുവ ഏർപ്പെടുത്തുമോ എന്ന് സ്വന്തം പാർട്ടിയിൽ നിന്നുപോലും വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ, ബില്ലിൽ‌ ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ യുഎസിനും ഇനി റഷ്യയിൽ നിന്ന് ഡീസലും എണ്ണയും വാങ്ങാം. ഇന്ത്യ, ചൈന തുടങ്ങി റഷ്യയിൽ നിന്ന് വലിയതോതിൽ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും ട്രംപിന്റെ ഈ നിലപാട് മാറ്റം ആശ്വാസമാകും.

യുഎസിന്റെ ‘രാജ്യതാൽപര്യം’ മുൻനിർത്തി പ്രസി‍ഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ഇളവു നൽകുന്നതെന്ന് ട്രംപ് പറഞ്ഞു. മറ്റു രാജ്യങ്ങൾക്കു മേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസ് റഷ്യയിൽ നിന്ന് ഡീസൽ വാങ്ങുന്നത് ഇരട്ടത്താപ്പാണെന്ന ആരോപണം ഉയർന്നതോടെയാണ് പുതിയ തീരുമാനമെന്നാണ് കരുതുന്നത്.

ഗ്രഹാം ആക്ട് പ്രകാരമുള്ള ചില ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും ഒഴിവാക്കുകയാണെന്നു യുഎസ് സമയം വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങിയ ഉത്തരവിലാണ് ട്രംപ് പറഞ്ഞത്. യുഎസിന്റെ ദേശീയ താൽപര്യം മുൻനിർത്തിയാണ് തീരുമാനം. ഇക്കാര്യം യുഎസ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

തീരുമാനം താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ ട്രംപിന് വ്യവസ്ഥകൾ പുനഃസ്ഥാപിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിലുള്ള ബിൽ ഒക്ടോബർ 18നാണ് പ്രാബല്യത്തിലാവുന്നത്. ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ അഞ്ച് രാജ്യങ്ങളുടെ മേൽ കനത്ത തീരുവ ചുമത്താനും ഉപരോധം ഏർപ്പെടുത്താനും കഴിയുന്ന ബില്ലാണിത്.

റഷ്യൻ പ്രസിഡന്റ് പുട്ടിൻ അടക്കമുള്ള നേതാക്കൾക്കു മേൽ ഉപരോധം ഏർപ്പെടുത്താനും റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റി’നെയും (ഉപരോധം ലംഘിച്ചും ട്രാക്കിങ് സംവിധാനം ഓഫാക്കിയും എണ്ണ കൊണ്ടുപോകുന്ന വെസ്സലുകൾ) സാമ്പത്തികമായി സഹായിക്കുന്ന കമ്പനികളെയും വിലക്കാനും പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ബിൽ. ഇതിലെ വ്യവസ്ഥകൾ പാലിച്ചു ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ചില യുഎസ് സെനറ്റർമാർ ആവശ്യപ്പെട്ടിരുന്നു.

പുട്ടിൻ-ട്രംപ് ഫ്രണ്ട്ഷിപ്പ്
റഷ്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തപ്പെടുത്തന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ തീരുമാനമെന്നും വിലയിരുത്തലുണ്ട്. റഷ്യൻ ഊർജകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് യുക്രെയ്നോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവകയ്ക്കാതെ ഇരുരാജ്യങ്ങളും പരസ്പരം റിഫൈനറികളും മറ്റും ആക്രമിക്കുകയാണ്.

ഇന്ത്യയ്ക്ക് ആശ്വാസം
യുഎസിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവിൽ 10% തീരുവയുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ 100 ശതമാനം തീരുവ കൂടി ചുമത്തിയാൽ ഇന്ത്യൻ കയറ്റുമതി കമ്പനികൾക്ക് കനത്ത തിരിച്ചടിയാകും. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെയും ബാധിക്കും.

നേരത്തെ റഷ്യൻ എണ്ണയെച്ചൊല്ലി യുഎസ് ഇന്ത്യയ്ക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ട്രംപ് നിലപാട് മാറ്റിയതിനാൽ ഇന്ത്യയ്ക്ക് ആശ്വാസിക്കാം. യുഎസ് സമ്മർദത്തിനു വഴങ്ങില്ലെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതു തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

X
Top